NADAMMELPOYIL NEWS
SEPTEMBER 23/2022

കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി ഓഫിസിനുനേരെ ബോംബെറിഞ്ഞ് ജില്ല സെക്രട്ടറി പി. മോഹനനെ വധിക്കാൻ ശ്രമിച്ച കേസിൽ ദുബൈയിലേക്ക് കടന്ന മൂന്നാംപ്രതി അഞ്ചുവർഷത്തിനുശേഷം അറസ്റ്റിൽ. ആർ.എസ്.എസ് പ്രവർത്തകൻ നാദാപുരം പുറമേരി സ്വദേശി കൂരാരത്ത് നജീഷിനെയാണ് (40) ക്രൈംബ്രാഞ്ച് വിമാനത്താവളത്തിൽനിന്ന് അറസ്റ്റുചെയ്തത്.
2017 ജൂൺ ഒമ്പതിന് പുലർച്ചയാണ് സി.പി.എം ജില്ല ഓഫിസിനുനേരെ ബോംബേറുണ്ടായത്. ഒന്നും രണ്ടും പ്രതികളായ സേവാഭാരതി പ്രവർത്തകൻ നാദാപുരം ചേലക്കാട് സ്വദേശി കോറോത്ത് ഷിജിൻ (24), ആർ.എസ്.എസ് മഹാനഗർ കാര്യവാഹക് വെള്ളയിൽ സ്വദേശി കളരിയിൽ എൻ.പി. രൂപേഷ് (37) എന്നിവർ 2018 നവംബറിൽ പിടിയിലായിരുന്നു. മൂന്നാംപ്രതി നജീഷ് ഗൾഫിലേക്ക് കടന്നതറിഞ്ഞതോടെ അന്വേഷണ സംഘം ലുക്കൗട്ട് സർക്കുലറും ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചു. 2017ൽ ദുബൈയിലേക്കു പോയ ഇയാൾ അവിടെ ടെക്സ്റ്റയിൽസിൽ സൂപ്പർവൈസറായി പ്രവർത്തിക്കവെ കേസിൽ പ്രതിയാണെന്നറിഞ്ഞ ദുബൈ പൊലീസ് പിടികൂടി കയറ്റിവിടുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചയോടെ കരിപ്പൂരിലെത്തിയ ഇയാളെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് പൊലീസിനെ അറിയിച്ചു. തുടർന്ന് ഡിവൈ.എസ്.പി ടി. സജീവന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.പ്രതിയെ രാത്രിയോടെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഗൂഢാലോചന, ആസൂത്രണം എന്നിവ നടത്തിയവരെ ഇനി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. സി.പി.എം ജില്ല കമ്മിറ്റി ഓഫിസായ കണ്ണൂർ റോഡിലെ സി.എച്ച്. കണാരൻ സ്മാരക മന്ദിരത്തിനു നേരെയെറിഞ്ഞ ബോബ് എത്തിച്ചതും നജീഷാണ്.

സംഭവദിവസം നജീഷും ഷിജിനും വടകര ഭാഗത്തുനിന്ന് ലോറിയിൽ നഗരത്തിലേക്ക് ബോംബുമായി വരുകയും ബൈക്ക് ഉൾപ്പെടെ സൗകര്യങ്ങൾ രൂപേഷ് ചെയ്തുകൊടുക്കുകയുമായിരുന്നു. ബൈക്കിലെത്തിയാണ് സംഘം ഓഫിസിനുനേരെ ബോംബെറിഞ്ഞ് കടന്നുകളഞ്ഞത്. നജീഷ് വടകര, നാദാപുരം, തലശ്ശേരി മേഖലയിലെ സമാനമായ ഏഴു കേസുകളിൽ പ്രതിയാണ്.

സംഘം രണ്ടു സ്റ്റീൽ ബോംബാണ് എറിഞ്ഞത്. ഒന്നു മാത്രമാണ് പൊട്ടിയത്. ആദ്യം എറിഞ്ഞ ബോംബ് മരച്ചില്ലയിൽ തട്ടി ഉന്നം തെറ്റിയതിനാലാണ് ഓഫിസിലുണ്ടായിരുന്ന പി. മോഹനൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വധശ്രമം, സ്ഫോടക വസ്തു ഉപയോഗം തുടങ്ങിയ വകുപ്പുകൾപ്രകാരം നടക്കാവ് പൊലീസാണ് കേസെടുത്തത്. മാറിമാറി ഉദ്യോഗസ്ഥർ അന്വേഷിച്ചെങ്കിലും പ്രതികളെ പിടികൂടാൻ കഴിയാതിരുന്നതോടെ പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *