NADAMMELPOYIL NEWS
SEPTEMBER 22/2022

തിരുവനന്തപുരം: എകെജി സെന്റർ സ്ഫോടന കേസിലെ പ്രതിയെ പിടികൂടി. മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് ജിതിന്‍.

കഴിഞ്ഞ ജൂലൈ 30ന് രാത്രി 11.25 ഓടെയാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ ആക്രമണമുണ്ടായത്. അജ്ഞാതൻ ഓഫീസിനുനേരെ പടക്കം പോലൊരു സ്ഫോടകവസ്തു എറിയുകയായിരുന്നു. എകെജി സെന്ററിന്റെ പിൻഭാഗത്തുള്ള എകെജി ഹാളിന്റെ ഗേറ്റിലേക്കാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇവിടെ മതിലിൽ തട്ടി സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുചക്ര വാഹനത്തിലെത്തിയ ആളാണ് കൃത്യം ചെയ്തതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരുന്നു. സമീപത്തെ വീടിന്റെ സിസിടിവിയിൽ നിന്ന് അക്രമി വണ്ടിയിൽ എത്തുന്നതും സ്ഫോടക വസ്തു എറിയുന്നത്തിന്റെയും ദൃശ്യങ്ങൾ ലഭിച്ചെങ്കിലും അക്രമിയുടെ മുഖമോ വണ്ടി നമ്പറോ കൃത്യമായി ലഭിച്ചില്ല. പ്രദേശത്ത് വെളിച്ചമില്ലാതിരുന്നതാണ് തടസ്സമായത്. പ്രതി എത്തിയത് ഡിയോ സ്‌കൂട്ടറിൽ ആണെന്ന് തിരിച്ചറിഞ്ഞതോടെ ജില്ലയിലെ ഡിയോ സ്‌കൂട്ടറുകൾ കേന്ദ്രീകരിച്ചും പരിശോധന നടന്നിരുന്നു.

അതിനിടെ, എകെജി സെന്ററിന് കല്ലെറിയുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ഇത് വിവാദമായതോടെ അയാളെ വിട്ടയക്കുകയും ചെയ്തിരുന്നു.സംഭവം നടക്കുന്ന സമയത്ത് വിശ്രമത്തിൽ ആയിരുന്ന പൊലീസുകാർക്കെതിരെ നടപടി ഇല്ലാതിരുന്നതും വിവാദമായി. സ്‌ഫോടനശബ്ദം തങ്ങൾ കേട്ടില്ലെന്നായിരുന്നു ഇവരുടെ മൊഴി.

സംഭവ നടന്ന ദിവസം എകെജി സെന്ററിന് മുന്നിലൂടെ 14 തവണ പോയ തട്ടുകടക്കാരനെ തുടക്കം മുതൽ പൊലീസ് സംശയിച്ചിരുന്നു. പക്ഷെ തട്ടുകടക്കാരന്റെ സിപിഎം ബന്ധം പുറത്തായതോടെ ആ വഴിക്കുള്ള അന്വേഷണവും നിർത്തിയെന്ന ആരോപണവും ഉയർന്നു. പ്രത്യേക അന്വേഷണ സംഘമാണ് കേസ് ആദ്യം അന്വേഷിച്ചിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *