Photo: Apple
ആപ്പിൾ ഐഫോൺ 14 പ്രോ മോഡലുകളിൽ മാത്രമായി അവതരിപ്പിച്ചിട്ടുള്ള ഡൈനാമിക് ഐലൻഡ് എന്ന് വിളിക്കുന്ന ഡിസ്പ്ലേ നോച്ച് അടുത്ത വർഷം വരാനിരിക്കുന്ന എല്ലാ ഐഫോൺ 15 മോഡലുകളിലും ഉണ്ടാവുമെന്ന് റിപ്പോർട്ട്.
ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് ഫോണുകളിൽ സെൽഫി ക്യാമറയും ഫേയ്സ് ഐഡി സെൻസറുകളും എല്ലാം സ്ഥാപിച്ചിട്ടുള്ള ഒരു നീണ്ട ഗുളികയുടെ ആകൃതിയിലുള്ള ഡിസ്പ്ലേ നോച്ച് ആണ് ഡൈനാമിക് ഐലൻഡ്.
സാധാരണ ആൻഡ്രോയിഡ് ഫോണുകളിലും മറ്റും പഞ്ച് ഹോൾ മാതൃകയിൽ സെൽഫി ക്യാമറയ്ക്കും മറ്റും വേണ്ടി സ്ഥലം ഒഴിച്ചിടാറുണ്ട്. എന്നാൽ ഐഫോൺ 14 പ്രോയുടെ യൂസർ ഇന്റർഫെയ്സിനോട് ചേർത്തുകൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇതുമായി ചേർത്ത് നോട്ടിഫിക്കേഷനുകളും സ്റ്റാറ്റസ് ഇൻഡിക്കേറ്ററുകൾ കാണിക്കുന്ന രീതിയിൽ മാറ്റം വരുത്തുകയും ചെയ്തു.
ഈ ഡൈനാമിക് ഐലൻഡ് വരും വർഷം പുറത്തിറക്കുന്ന ഐഫോൺ 15 പരമ്പരയിലുടനീളം ലഭ്യമാക്കുമെന്നാണ് ഡിസ്പ്ലേ ഇൻഡസ്ട്രി അനലിസ്റ്റായ റോസ്സ് യങ് തന്റെ ട്വീറ്റിൽ അവകാശപ്പെടുന്നത്.
ഐഫോൺ 14 പ്രോ മോഡലുകളിൽ മാത്രം അവതരിപ്പിച്ചിട്ടുള്ള 120 ഹെർട്സ് എൽടിപിഒ പ്രോമോഷൻ ഡിസ്പ്ലേകൾ അടുത്തവർഷവും പ്രോ മോഡലുകളിൽ തന്നെയാവും ഉണ്ടാവുക. എന്നാൽ 2024 ൽ ഈ പ്രോ മോഷൻ ഡിസ്പ്ലേകൾ വിലകുറഞ്ഞ ഐഫോൺ പതിപ്പുകളിലും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൈനാമിക് ഐലൻഡ് എന്ന ഫീച്ചർ കൊണ്ടുമാത്രം ചില ഉപഭോക്താക്കൾ ഐഫോൺ 14, ഐഫോൺ 14 പ്ലസ് ഫോണുകൾ വാങ്ങുന്നതിൽ നിന്ന് പിന്തിരിയുകയും പകരം പ്രോ മോഡലുകളിലേക്ക് തിരിയുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ വളരെ പുതുമയുള്ള ഫീച്ചർ ആണെങ്കിലും അടുത്ത രണ്ട് വർഷം കൊണ്ട് ഇത് സാധാരണമായൊരു ഐഫോൺ ഫീച്ചർ ആയി മാറുമെന്നാണ് റോസ് യങ് പറയുന്നത്.
ഇത്തവണ പുറത്തിറങ്ങിയ പ്രോ മോഡലുകൾക്കും സാധാരണ മോഡലുകൾക്കും തമ്മിലുള്ള മറ്റൊരു വ്യത്യാസം അതിലെ ചിപ്പ് ആണ്. കഴിഞ്ഞ വർഷം ഉപയോഗിച്ച എ15 ബയോണിക് പ്രൊസസർ ചിപ്പ് ആണ് ഇത്തവണത്തെ ഐഫോൺ 14, 14 പ്ലസ് ഫോണുകളിലുള്ളത്. എന്നാൽ പ്രോ മോഡലുകളിൽ എ16 ബയോണിക് ചിപ്പ് ആണുള്ളത്.