സമയവും അധികാരവും സമ്പത്തുമുണ്ടായിട്ടും ഇന്ത്യ ചുറ്റിക്കാണാത്തവർ നിരവധിയാണ്. ഒരവസരം കിട്ടിയാൽ വിദേശ രാജ്യങ്ങളിൽ കറങ്ങാനാണ് പലർക്കും താത്പര്യം. ലോകത്ത് ഇന്ത്യയെ പോലെ ഇത്രയും വൈവിദ്ധ്യവും സാംസ്കാരിക വിവിധതകളാൽ സമ്പന്നവുമായ മറ്റൊരു രാഷ്‌ട്രവുമില്ല. അതുകൊണ്ട് തന്നെ ജീവിത കാലത്ത് ഇന്ത്യയെങ്കിലും കാണാത്തത് ഒരു വലിയ നഷ്ടം തന്നെയാണ്.

പറയുമ്പോൾ എളുപ്പമാണെങ്കിലും നമ്മുടെ രാജ്യം ഭാഗികമായെങ്കിലും കണ്ട് തീർക്കണമെങ്കിൽ ഒരാളുടെ ജീവിതകാലം മുഴുവനെടുത്താലും കഴിയുമെന്ന് തോന്നുന്നില്ല. എങ്കിലും വിദേശയാത്രകൾ ആസ്വദിച്ചിരുന്നവരിൽ പലരും ഇപ്പോൾ സ്വന്തം ദേശത്ത് യാത്രകൾ നടത്താൻ ശ്രദ്ധിക്കുന്നത് ശുഭോദർക്കമാണ്. വിനോദ സഞ്ചാരവികസനത്തിന് ഇത്തരം യാത്രകൾ വളരെ അത്യാവശ്യമാണ് താനും.

യാത്രകൾക്ക് പൊതുവേ ആരാധകർ വർദ്ധിക്കുന്ന ഒരു കാലമാണ്. പ്രായഭേദമെന്യേ എല്ലാവരും യാത്രകൾ ചെയ്യുന്ന ഒരു കാലവുമാണിത്. സൈക്കിളിലും ബൈക്കിലും കാറിലും പ്രത്യേകം സജ്ജീകരിച്ച കണ്ടെയ്നറുകളിലുമൊക്കെയാണ് ആളുകളിന്ന് ഇന്ത്യ യാത്ര നടത്തുന്നത്. ഇത്തരം യാത്രകൾ നടത്തുമ്പോൾ ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചാൽ തടസ്സമുണ്ടാകാതെയും പാതിവഴിയെത്തുമ്പോൾ യാത്ര അവസാനിപ്പിക്കാതെയും നോക്കാൻ നമുക്ക് കഴിയും.

യാത്രക്കിടയിൽ വഴിവക്കിലെ തട്ടുകടകളിലെ പലഹാരങ്ങൾ നമ്മെ ആകർഷിക്കാനുള്ള സാദ്ധ്യത ഏറെയാണ്. ഒരു നാടിന്റെ തനത് രുചി നാട്ടുകടകളിൽ കിട്ടുമെന്ന് പറയാറുണ്ടെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ വയറിനു പണിയാകുമെന്നതാണ് കാര്യം. എണ്ണയിൽ പാകം ചെയ്യുന്ന പലഹാരങ്ങൾ കണ്ടാൽ വാങ്ങിക്കഴിക്കാൻ ആർക്കും കൊതി തോന്നുമെങ്കിലും ദൂര യാത്രകൾ നടത്തുമ്പോൾ അപകടകരമാകാനും ഭക്ഷ്യ വിഷബാധക്കും അതുമതി.

നാലും അഞ്ചും തവണ പാചകം ചെയ്ത എണ്ണയിലായിരിക്കും ഈ ആഹാര സാധനങ്ങൾ പാകം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണ സാധനങ്ങൾ അർബുദ രോഗമുണ്ടാക്കാൻ കഴിയുന്നവയാണ്. പൂരിത കൊഴുപ്പിന്റെ അളവ് കൂടുന്നതാണ് കാരണം. പാചകം ചെയ്യുന്ന എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ് പൂരിത കൊഴുപ്പിന്റെ അളവ് കൂട്ടുന്നത്.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം തട്ടുകടകൾ നൽകുന്ന ആശ്വാസം അവഗണിക്കാനാകില്ല.നല്ല ഭക്ഷണം ജീവിത വ്രതമായി സ്വീകരിച്ച് പാചകം ചെയ്ത് നൽകുന്നവരും കുറവല്ല. എങ്കിലും ന്യൂജൻ തട്ടുകടകൾ പലതും ലാഭം മാത്രം നോക്കി ആഹാരത്തിന്റെ ഗുണ നിലവാരത്തിൽ വിട്ടുവീഴ്‌ച്ച ചെയ്യുന്നവരാണ്. ഭക്ഷ്യ വിഷബാധ ഉണ്ടാകാൻ ചെറിയൊരു കാരണം മതിയെന്നതിനാൽ ദൂരയാത്രകൾ പലപ്പോഴും ഹ്രസ്വയാത്രയായി പരിണമിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *