ആപ്പിൾ അവതരിപ്പിച്ച ഐഫോൺ ശ്രേണിയാണ് ഐഫോൺ 14. പതിവ് പോലെ ഇന്ത്യയിൽ ഉയർന്ന വിലയാണ് ഫോണുകൾക്ക്. മറ്റ് പല രാജ്യങ്ങളിലെ വിലയുമായി താരതമ്യം ചെയ്യുമ്പോഴും ഇന്ത്യയിലെ വില അൽപം കൂടുതലാണ്.
ഇന്ത്യ, യുഎസ്, യുകെ, ദുബായ്, ചൈന, ഹോങ്കോങ് എന്നിവിടങ്ങളിലെ ഐഫോൺ നിരക്കുകളാണ് താഴെ കാണുന്നത്.
സ്വാഭാവികമായും ഈ നിരക്കുകൾ കാണുമ്പോൾ കുറഞ്ഞ നിരക്കിൽ ഐഫോൺ ലഭിക്കുന്ന രാജ്യത്തുനിന്ന് സുഹൃത്തുക്കളോടോ ബന്ധുക്കളോടോ ഐഫോൺ വാങ്ങി നൽകാൻ നിങ്ങൾ ചിലപ്പോൾ ആവശ്യപ്പെട്ടേക്കാം. എന്നാൽ, അപ്പോഴും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഓരോ രാജ്യത്തും ലഭ്യമായ ഐഫോണുകളിലെ ഫീച്ചറുകളിൽ നേരിയ മാറ്റങ്ങളുണ്ട്. അത് ചിലപ്പോൾ ഇന്ത്യയിലെ ഉപയോഗത്തിനും നിങ്ങളുടെ താൽപര്യങ്ങൾക്കും അനുയോജ്യമാവണം എന്നില്ല.
മറ്റ് രാജ്യങ്ങളിൽ നിന്ന് വാങ്ങുമ്പോൾ ശ്രദ്ധിക്കുക!
ഐഫോൺ 14- ന്റെ യുഎസിലെ വില ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ഇന്ത്യയിലെ നിരക്കിനേക്കാൾ വളരെ കുറവാണെന്ന് കാണാം. എന്നാൽ ഇന്ത്യയിലെ ഉപയോഗത്തിന് യുഎസിൽ നിന്ന് ഐഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.
യുഎസിലെ ഐഫോൺ 14-ൽ സിം കാർഡ് സ്ലോട്ട് ഉണ്ടാവില്ല. യുഎസിൽ ഐഫോണുകൾ പൂർണമായും ഇ-സിം സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്.
അതുപോലെ ചൈനയിലും ഹോങ്കോങിലും വിൽക്കുന്ന ഐഫോൺ 14 പതിപ്പുകളിൽ പുതിയതായി അവതരിപ്പിച്ച സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സംവിധാനം ഉണ്ടാവില്ല.
ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ ഇ-സിം സേവനം നൽകുന്നുണ്ട്. യുഎസിൽ നിന്ന് വാങ്ങുന്ന ഐഫോൺ 14 ഇന്ത്യയിൽ ഉപയോഗിക്കണമെങ്കിൽ ഇന്ത്യയിൽ അധികം പ്രചാരത്തിൽ ഇല്ലാത്ത ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടിവരും.
എന്നാൽ, മലയാളികൾ ഏറെയുള്ള ദുബായിൽ നിന്ന് ഇന്ത്യയിലെ നിരക്കിൽ നിന്ന് 5000 മുതൽ 35000 രൂപ വരെ കുറവിൽ ഐഫോൺ 14 വാങ്ങാൻ സാധിക്കും. ഇന്ത്യയിൽ 1,39,900 രൂപ വിലയുള്ള ഐഫോൺ 14 പ്രോ മാക്സിന് ദുബായിൽ 4699 ദിർഹമാണ് (1,09,863 രൂപ) വില.
അതാത് സമയത്തെ കറൻസി വിനിമയ നിരക്കിനനുസരിച്ച് ഈ നിരക്കിൽ വിദേശ രാജ്യങ്ങളിലെ വിലയും ഇന്ത്യൻരൂപയും തമ്മിലുള്ള അന്തരത്തിൽ മാറ്റം വന്നേക്കാം.