ഐഫോൺ 14 സീരീസ് ലോഞ്ച് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സെപ്തംബർ ഏഴാം തീയതിയാകാൻ അക്ഷമരായി കാത്തിരിക്കുകയാണ് ആപ്പിൾ ഫാൻസ്. ‘ഫാർ ഔട്ട് (far out)’ എന്ന പേരിൽ ഏഴാം തീയതി അവർ നടത്തുന്ന അവതരണ പരിപാടിയിൽ ഐഫോൺ മോഡലുകളെല്ലാം തന്നെ അവതരിപ്പിക്കപ്പെടും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
നോച്ച് ഔട്ട്
ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ പ്രോ മാക്‌സ്, ഐഫോണ്‍ 14 മാക്‌സ് എന്നീ നാല് മോഡലുകളായിരിക്കും ഉണ്ടാവുകയെന്നാണ് ഇതുവരെയുള്ള വിവരം. ഐഫോൺ മിനി ഇത്തവണയുണ്ടാകില്ലെന്നും സൂചയുണ്ട്. അതേസമയം ഐഫോൺ ചരിത്രത്തിലെ ഏറ്റവും വലിയ രൂപ-ഭാവ മാറ്റങ്ങളുമായാണ് ഐഫോൺ 14-ആമൻ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും വലിയ മാറ്റം രൂപത്തിൽ തന്നെയാണ്.
എക്സ് എന്ന ആദ്യ മോഡൽ മുതൽ ഐഫോണിൽ മുഴച്ചു നിൽക്കുന്ന വലിയ നോച്ച് മുറിച്ച് മാറ്റുന്നതാണ് പ്രധാന വിശേഷം. പകരം കാമറ സജ്ജീകരിക്കാനായി വൃത്താകൃതിയിലുള്ള ചൊറിയൊരു പഞ്ച് ഹോളും സെൻസറുകൾ കൂട്ടിവെക്കാനായി പിൽ ഷേപ്പിലുള്ള മറ്റൊരു ഹോളുമാണ് ഡിസ്‍പ്ലേയിൽ നൽകിയിരിക്കുന്നത്. എന്നാൽ പ്രോ മോഡലുകളിൽ മാത്രമാകും ഈ മാറ്റമുണ്ടാവുക. ഐഫോൺ 14, 14 മാക്സ് എന്നീ മോഡലുകൾ ഐഫോൺ 13ന്റെ അതേ രൂപത്തലാകുമെത്തുക.
സാറ്റലൈറ്റ് കണക്ഷൻ
സാറ്റലൈറ്റുകളുമായി നേരിട്ടു കണക്ഷൻ സ്വീകരിക്കാനുള്ള സാങ്കേതികവിദ്യ ഐഫോണിലെത്തിക്കാൻ ആപ്പിള്‍ പ്രവർത്തിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ഐഫോണ്‍ 14ല്‍ ആ ഫീച്ചര്‍ വന്നേക്കുമെന്നാണ് സൂചന. ഇതിനായി ഗ്ലോബാള്‍സ്റ്റര്‍ (Globalstar) എന്ന കമ്പനിയുമായാണ് ആപ്പിള്‍ സഹകരിക്കുന്നതായും പയറപ്പെടുന്നുണ്ട്. “ഒരു വലിയ ഉപഭോക്താവിന്” തുടർച്ചയായ സാറ്റലൈറ്റ് സേവനങ്ങൾ നൽകുന്നതിനായി 17 പുതിയ ഉപഗ്രഹങ്ങൾ വാങ്ങിയതായി ഫെബ്രുവരിയിൽ ഗ്ലോബൽസ്റ്റാർ പറഞ്ഞിരുന്നു.
അതേസമയം, സാറ്റലൈറ്റുകള്‍ വഴി കോളുകള്‍ നടത്താനുള്ള സൗകര്യമായിരിക്കില്ല, ഐഫോൺ 14ൽ കൊണ്ടുവരിക, മറിച്ച്, മൊബൈല്‍ കവറേജ് ഇല്ലാത്ത സ്ഥലത്ത് ആളുകൾ അകപ്പെട്ടുപോയാൽ ടെക്‌സ്റ്റ് സന്ദേശങ്ങള്‍ വഴി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏജന്‍സികളുമായി ബന്ധപ്പെടാൻ കഴിയുന്ന സവിശേഷതയാണ് ആപ്പിള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഐഫോൺ തണുപ്പിക്കാൻ വെയ്പർ ചേംബർ
Apple Hub
ഒരേസമയം നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്ന സമയത്ത് ആൻഡ്രോയ്ഡ് ഫോണുകൾ പോലെ തന്നെ ഐഫോണും ചൂടാകും. ഐഫോൺ 14-ൽ അത്തരം ചൂടാകൽ കുറക്കാനായി പുതിയ സംവിധാനം വരുന്നതിനെ കുറിച്ച് പ്രമുഖ ആപ്പിൾ അനലിസ്റ്റായ മിങ് ചി കുവോ ആണ് സൂചന നൽകിയത്. വെയ്പർ ചേംബർ കൂളിങ് ടെക്നോളജിയാണ് (vapor chamber cooling technology) 14 പരമ്പരയിൽ വരാൻ സാധ്യതയുള്ളത്.
രണ്ട് ടിബി വരെ സ്റ്റോറേജും ഏറ്റവും പുതിയതും കരുത്തുറ്റതുമായ വൈ-ഫൈ 6ഇ സംവിധാനവുമാണ് പുതിയ ഐഫോണുകളിൽ പ്രതീക്ഷിക്കേണ്ട മറ്റു കാര്യങ്ങൾ.