NADAMMELPOYIL NEWS
AUGUST 26/2022
കോഴിക്കോട്: സ്‌നേഹിച്ച് കൊതി തീരുന്നതിന് മുമ്പായിരുന്നു പ്രിയപ്പെട്ടവനെയും പൊന്നുമക്കളെയും പിരിഞ്ഞ് ലിനി യാത്രയായത്. സജീഷും രണ്ട് പിഞ്ചോമനകളും തനിച്ചാവുമല്ലോ എന്ന സങ്കടവും പേറി അവസാനമായി അവൾ കുറിച്ചിട്ട വാക്കുകൾ സഫലമാകുകയാണ്. സജീഷിന് ജീവിതത്തിൽ ഒരു കൂട്ട് വരുന്നു. ”നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്” എന്നായിരുന്നു നിപ ബാധിച്ച് മരണത്തിലേക്ക് യാത്രയാകുന്നതിന് മുമ്പ് നഴ്സ് ലിനി പ്രിയതമനായി ഒരു കടലാസിൽ കുറിച്ചിട്ടത്.
അദ്ധ്യാപികയായ കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയാണ് വധു. 29ന് വടകര ലോകനാർക്കാവ് ക്ഷേത്രത്തിലാണ് വിവാഹമെന്ന് സജീഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു. പ്രതിഭയ്‌ക്ക് പ്ലസ് വൺ വിദ്യാർത്ഥിയായ മകളുണ്ട്. ലിനിയുടേതുൾപ്പെടെ മൂന്ന് കുടുംബങ്ങളും ചേർന്നാണ് വിവാഹം ഉറപ്പിച്ചത്.
നേരിട്ടും സോഷ്യൽ മീഡിയകളിലൂടെയും നിരവധി പേരാണ് ആശംസകളുമായെത്തുന്നത്.
അപ്രതീക്ഷിതമായെത്തി നാടിനെ ഭീതിയിലാക്കിയ നിപയെ ചെറുക്കുന്നതിനിടെ ജീവൻ പൊലിഞ്ഞ നഴ്സ് ലിനി മലയാളികളുടെ മനസിലെ മരിക്കാത്ത ഓർമ്മയാണ്. ഭർത്താവ് സജീഷും മക്കളായ ഋതുലും സിദ്ധാർഥും അന്നുതൊട്ടേ നാടിന്റെ വേദനയും. 2018 മേയ് 21നാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനി നിപ ബാധിച്ച് മരിക്കുന്നത്. ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിൽ നിന്ന് രോഗ ബാധയേറ്റ ലിനി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലിനിയുടെ മരണത്തെ തുടർന്ന് സജീഷിന് സർക്കാർ ജോലി നൽകിയിരുന്നു. പന്നിക്കോട്ടൂർ പി.എച്ച്.സിയിൽ ക്ലർക്കായ സജീഷ് ചെമ്പനോടയിലെ വീട്ടിലാണ് മക്കളോടൊപ്പം താമസിക്കുന്നത്.
ലിനി എഴുതിയ കത്ത്
‘സജീഷേട്ടാ, ആം ഓൾമോസ്റ്റ് ഓൺ ദ വേ. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. സോറി. നമ്മുടെ മക്കളെ നന്നായി നോക്കണേ. പാവം കുഞ്ഞു. അവനെയൊന്ന് ഗൾഫിൽ കൊണ്ടുപോകണം. നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, പ്ലീസ്. വിത്ത് ലോട്ട്സ് ഒഫ് ലൗ”