ഐഫോൺ 14 പുറത്തിറങ്ങാൻ ഇനി ഒരു മാസം കൂടി കാത്തിരുന്നാൽ മതി. സെപ്റ്റംബറിൽ നടക്കുന്ന ആപ്പിൾ ഇവന്റിൽ പുതിയ ഐഫോൺ പതിപ്പ് പുറത്തിറക്കുമെന്നാണ് വിവരം. പതിവ് പോലെ ഫോണിന്റെ ഡിസൈൻ, സവിശേഷതകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഐഫോൺ 14 സെപ്റ്റംബർ ആറിനോ, സെപ്റ്റംബർ 13 നോ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം.
വരുന്ന ഐഫോൺ 14 ശ്രേണിയുടെ വില സംബന്ധിച്ച് ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമൻ നേരത്തെ ചില വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ഐഫോൺ 14 പ്രോയ്ക്ക് 1099 ഡോളർ (87335.99 രൂപ) വിലയുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. ഐഫോൺ 13 പ്രോയുടെ വിലയിൽ നിന്ന് 100 ഡോളർ (7946.86) കൂടുതലാണിത്. ഐഫോൺ 14 പ്രോ മാക്സിന്റെ വില 1199 ഡോളർ (95282.85 രൂപ). അതേസമയം ഐഫോൺ 14 ന് വില 799 ഡോളർ (63495.41 രൂപ) ആയിരിക്കും എന്നും ഗുർമൻ സൂചന നൽകുന്നു.
അസംസ്‌കൃത വസ്തുക്കളുടെ വില വർധനവാണ് ഫോണുകളുടെ വിലവർധനവിന് കാരണമെന്നാണ് കരുതുന്നത്. ഓൾ വേയ്സ് ഓൺ ഡിസ്പ്ലേ, വലിപ്പം കുറച്ച പുതിയ നോച്ച് ഡിസൈൻ, ടൈപ്പ് സി ചാർജിങ് പോർട്ട്, മെച്ചപ്പെട്ട സെൻസറുകൾ ഉൾപ്പടെയുള്ള പുതുമകൾ ഫോണിൽ പ്രതീക്ഷിക്കാം. ഇതിനകം തന്നെ ഐഫോൺ 14 ന്റെ അവതരണ പരിപാടി ചിത്രീകരിക്കുന്നത് ആപ്പിൾ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ആപ്പിൾ വാച്ച് സീരീസ് 8 ഉം പരിപാടിയിൽ അവതരിപ്പിക്കും.