NADAMMELPOYIL NEWS
JULY 30/2022

കോഴിക്കോട്: രണ്ടു മാസം മുമ്പ് വിവാഹിതയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉള്ളിയേരി കന്നൂരിലാണ് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയാണ് മരിച്ചത്. രണ്ടുമാസം മുൻപായിരുന്നു

കന്നൂര് എടച്ചേരി പുനത്തില്‍ പ്രജീഷുമായുള്ള വിവാഹം.

വീട്ടിലെ ജനല്‍ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട്ടുകാർ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. അത്തോളി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. അയൽവീട്ടുകാരാണ് തൂങ്ങിയ നിലയിൽ യുവതിയെ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. യുവതിയുടെ ബന്ധുക്കളുടെയും ഭർത്താവിന്‍റെയും വീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ മൊബൈൽ ഫോണും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *