ആലപ്പുഴ: വാഹനങ്ങള്‍ പണയത്തിനെടുത്ത ശേഷം ഉടമയറിയാതെ മറിച്ചു വല്‍ക്കുന്ന സംഘത്തിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്.കൊറ്റംകുളങ്ങര കുരുവിക്കല്‍ മഠം വീട്ടില്‍ ശാന്തിലാലിന്റെ ഭാര്യ നവ്യയുടെ ഹര്‍ജിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജയാപ്രഭു ഉത്തരവിറക്കിയത്. കൊറോണ കാരണം സാമ്ബത്തിക പ്രതിസന്ധിയിലായ നവ്യയെ കബളിപ്പിച്ചാണ് പ്രതികള്‍ വാഹനം പണയത്തിനെടുത്ത് മറിച്ചു വിറ്റത്.
ഇവരുടെ കാര്‍ 1.90 ലക്ഷം രൂപയ്ക്ക് പണയ കരാര്‍ എഴുതി രേഖകള്‍ കൈവശമാക്കിയ ശേഷം ചില ഇടപാടുകള്‍ കഴിച്ച് 2.25 ലക്ഷം രൂപയ്ക്ക് മറിച്ചു വില്‍ക്കുകയായിരുന്നു. വാഹനം പണയ കരാറില്‍ ഏര്‍പ്പെട്ടു കൈക്കലാക്കിയ തൃക്കുന്നപ്പുഴ സഫീര്‍ മന്‍സിലില്‍ സജീദ്(50), വാഹന ബ്രോക്കറും മുഖ്യ സൂത്രധാരനുമായ നങ്ങ്യാര്‍കുളങ്ങര പുത്തന്‍പുരയില്‍ വീട്ടില്‍ ശരത് കൃഷ്ണ, കോഴിക്കോട് കളന്തോട് പാരതപോയില്‍ വീട്ടില്‍ ജലീല്‍, മലപ്പുറം സ്വദേശി സഹീര്‍ അലി എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവ്.
വില്‍പ്പനയ്ക്ക് വെച്ച കാര്‍ 13 ലക്ഷത്തിന് ആറു മാസത്തിനകം വാങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ച് അതുവരെ പണയകരാര്‍ എഴുതി 1.90 ലക്ഷത്തിന് ഇവര്‍ കൊണ്ടു പോകുകയായിരുന്നു. വാഹനവുമായി മുങ്ങിയ ഇവരെ കുറിച്ച് പിന്നീട് യാതൊരു വിവരവും ഇല്ലായിരുന്നു. പ്രതികളിലൊരാളായ സഹീര്‍ അലി നിയമവിരുദ്ധമായി വാഹനം ഓടിച്ചതിന് കോഴിക്കോട് പോലീസ് പിടികൂടി. അപ്പോള്‍ വാഹനത്തിന്റെ ഉടമയായ നവ്യക്ക് ഫോണില്‍ ലഭിച്ച മെസേജ് ആണ് നിര്‍ണായക തെളിവായത്. ഇതെ തുടര്‍ന്ന് ആലപ്പുഴ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായത്തോടെ അഡ്വ. പി. പി. ബൈജു മുഖേന കോടതിയെ സമീപിക്കുകയായിരുന്നു.