വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ഗുണ്ടല്‍ പേട്ടിലെ പാടങ്ങള്‍ നിറയെ സൂര്യകാന്തി പൂത്തു നില്‍ക്കുകയാണ്.നോക്കെത്താ ദൂരത്തോളമുളള സൂര്യകാന്തി തോട്ടങ്ങള്‍ ആരുടെയും മനംമയക്കും. കനത്ത മഴ കൃഷിയെ ബാധിച്ചിട്ടുണ്ടെങ്കിലും, സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ വസന്തമൊരുക്കുന്നുണ്ട് ഈ കാര്‍ഷിക ഗ്രാമം.
കാര്‍ഷിക ഗ്രാമമാണ് ഗുണ്ടല്‍പേട്ട്. കാലത്തിന് അനുസരിച്ച് വ്യത്യസ്ത വിളകള്‍ വിളയുന്ന മണ്ണ്. നീണ്ട ഇടവേളക്ക് ശേഷം വീണ്ടും പൂക്കളുടെ വസന്തമൊരുങ്ങി. കാര്‍ഷിക മേഖലയില്‍ പച്ചക്കറികള്‍ക്ക് വിലയിടിവ് പ്രകടമയത്തോടെയാണ് എല്ലാവരും സൂര്യകാന്തിക്കായി വിത്തെറിഞ്ഞത്. നൂറുമേനിയില്‍ ഏക്കര്‍ കണക്കിന് പാടങ്ങളില്‍ പൂക്കള്‍ തലയുയര്‍ത്തി. കാലം തെറ്റിയ മഴ അപ്രതീക്ഷിതമായി എത്തിയതോടെ കര്‍ഷകന് അത് തിരിച്ചടിയായി.
പച്ചക്കറിക്ക് വിലയില്ലാതായതോടെയാണ് പ്രദേശത്തെ കര്‍ഷകര്‍ മുഴുവന്‍ സൂര്യകാന്തി കൃഷിയിലേക്ക് മാറിയതെന്ന് കര്‍ഷകനായ സോമന്‍ പറയുന്നു.
വിളവെടുപ്പിനു നാളുകള്‍ മാത്രമണ് ശേഷിക്കുന്നത്. സസ്യ എണ്ണകള്‍ ഉത്പാദിപ്പിക്കുന്ന കമ്ബനികള്‍ പൂക്കളറുക്കും. കാഴ്ച്ച തേടിയെത്തുന്നവര്‍ക്ക് നിറഞ്ഞ സന്തോഷമെങ്കിലും പിന്നില്‍ അധ്വാനിച്ചവര്‍ക്ക് അങ്ങനെയല്ല. മലയാളിയുടെ ഓണം കൂടി ലക്ഷ്യമിട്ട് ചെണ്ടുമല്ലിയും വാടാര്‍മല്ലിയുമെല്ലാം പാടങ്ങളുടെ ഓരങ്ങള്‍ കീഴടക്കി തുടങ്ങിയിട്ടുണ്ട്.