NADAMMELPOYIL NEWS
JULY 20/2022
കൊച്ചി : ‘ഞാൻ എന്തിനു മരിക്കണം, അയാൾ എന്താണ് എനിക്കു നല്ലതു ചെയ്തത്?’ ഇടപ്പള്ളി പോണേക്കരയിലെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുന്നതിനു ദിവസങ്ങൾക്കു മുമ്പു ഹോക്കി താരം ശ്യാമിലി (26) എഴുതിയ ഡയറിയിലെ വരികൾ. ഭർത്താവ് തിരുവല്ല സ്വദേശി സഞ്ജു എന്ന ആശിഷിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഡയറിയിൽ എഴുതി വച്ചശേഷമാണ് ഏപ്രിൽ 25നു വൈകിട്ട് ശ്യാമിലി ഫാനിൽ തൂങ്ങി മരിക്കുന്നത്. ആഴ്ചകൾക്കു ശേഷം കണ്ടെടുത്ത ഡയറി ബന്ധുക്കൾ പൊലീസിനു കൈമാറിയിട്ടുണ്ട്.
‘എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെടുകയും എന്നെ നിർബന്ധിച്ചു വിളിച്ചു വരുത്തുകയും ചെയ്യും. പിന്നെ ഓരോ പെണ്ണുങ്ങളെ പറ്റിയും പറയും. അതു ഞാനും പറയണം. നിർബന്ധിച്ചു കള്ള്, ബീയർ, വോഡ്ക, കഞ്ചാവ്, സിഗരറ്റ് എല്ലാം അടിപ്പിക്കാൻ തുടങ്ങി. സെക്സ് വിഡിയോ കാണാൻ നിർബന്ധിക്കും. വൃത്തികേടുകൾ പറയിപ്പിക്കും. ഞാൻ സാധാരണ നിലയിലാകുമ്പോൾ ഇതിനെക്കുറിച്ചു ചോദിച്ചു സഞ്ജുവിനോടു വഴക്കിടും. സഞ്ജുവിന് എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കിൽ ഒരു പ്രാവശ്യം പോലും ഇങ്ങനെ ഒന്നും ചെയ്യിക്കില്ലായിരുന്നു. സഞ്ജു എന്നെ നശിപ്പിച്ചു.’ – ഇംഗ്ലിഷും മലയാളവും കലർത്തി സ്വന്തം കൈപ്പടയിൽ ശ്യാമിലി എഴുതിയ 18 ലേറെ പേജുകളിൽ ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നുമുണ്ടായ പീഡനങ്ങൾ വിശദമായി പറയുന്നുണ്ട്. തന്റെ പേരിൽ ഫെയ്സ്ബുക് പേജുണ്ടാക്കി പല പെൺകുട്ടികളുമായും
സഞ്ജു ചാറ്റു ചെയ്തിരുന്നതായും കുറിപ്പിൽ പറയുന്നു.
മേയ് മാസത്തിൽ കേരള ഒളിംപിക് ഗെയിംസിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു മൽസരിക്കാനിരിക്കെയായിരുന്നു ശ്യാമിലി ജീവനൊടുക്കിയത്. മരണം. ഭർത്താവിന്റെയും കുടുംബത്തിന്റെയും സ്ത്രീധന പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നും കടുത്ത മാനസിക പീഡനമാണ് ഭർതൃവീട്ടിലും പിന്നീടു സ്വന്തം വീട്ടിൽ വന്നിട്ടും നേരിടേണ്ടി വന്നതെന്നും ബന്ധുക്കൾ പറയുന്നു.
മരിക്കുന്നതിന് ഒരു മാസം മുമ്പ് എഴുതിയതാണ് ഡയറിയിലുള്ള പല കാര്യങ്ങളുമെന്ന് ശ്യാമിലിയുടെ സഹോദരി ഷാമിക പറയുന്നു. ഡയറി പൊലീസിനു കൈമാറിയെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഇതിനെതിരെ അസിസ്റ്റന്റ് കമ്മിഷണർക്കു പരാതി നൽകിയിട്ടുണ്ട്. സഞ്ജു രാജ്യം വിടാൻ സാധ്യതയുണ്ടെന്നിരിക്കെ പാസ്പോർട് പൊലീസ് തിരികെ നൽകി. സഹോദരി മരിക്കുമ്പോൾ ഇയാൾ നാട്ടിൽ ഇല്ലാത്തതിനാൽ കേസെടുക്കാൻ സാധിക്കില്ലെന്നാണു പൊലീസ് പറഞ്ഞിരിക്കുന്നത്.
നാലു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനം നൽകണം എന്ന് ആവശ്യപ്പെട്ടു നിർബന്ധിച്ചു. ഗർഭിണിയായിരിക്കെ സ്കൂട്ടറിൽ തിരുവല്ല വരെ കൊണ്ടു പോയത് ഗർഭഛിദ്രത്തിനു കാരണമായി. ഭർതൃവീട്ടിൽ ഭക്ഷണം നൽകാതെ പീഡിപ്പിക്കുകയും ശാരീരികമായി മർദിക്കുകയും ചെയ്യുമായിരുന്നു. കൂട്ടുകാർക്കൊപ്പം യാത്ര പോകാൻ നിർബന്ധിച്ചിരുന്ന വിവരം പറഞ്ഞിട്ടുണ്ടെങ്കിലും മറ്റുള്ളവരുമായി ശാരീരിക ബന്ധത്തിനു നിർബന്ധിക്കുന്നതു പോലെയുള്ള കാര്യങ്ങൾ ഡയറിയിൽ നിന്നാണ് അറിഞ്ഞതെന്നും ഷാമിക പറയുന്നു.