NADAMMELPOYIL NEWS
JULY 20/2022

അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് നാല്‍പ്പത്തി ആറ് വര്‍ഷം കഠിനതടവും രണ്ടേ മുക്കാല്‍ ലക്ഷം രൂപയും പിഴ ശിക്ഷ. കോങ്ങാട് സ്വദേശി അയൂബിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിയെടുത്ത് പുറത്ത് കൊണ്ടുപോയി ലൈംഗിക ചൂഷണം നടത്തിയെന്നാണ് കേസ്.
രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ തട്ടിയെടുത്തു. വീടിനോട് ചേര്‍ന്ന് ആളില്ലാത്ത സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചു. ഇതായിരുന്നു രണ്ടായിരത്തി പത്തൊന്‍പതില്‍ അയൂബിനെതിരെ കോങ്ങാട് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ ഉള്ളടക്കം. അന്വേഷണത്തില്‍ പെണ്‍കുട്ടിയും ബന്ധുക്കളും നല്‍കിയ മൊഴി യാഥാര്‍ഥ്യമെന്ന് തെളിഞ്ഞു. വീടിന് പിന്നിലായി ഒളിച്ചുനിന്ന അയൂബ് ആരുമില്ലാത്ത തക്കം നോക്കി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കോങ്ങാട് പൊലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന സരിഷ്, വിനു എന്നിവരാണ് േകസ് അന്വേഷിച്ച് പട്ടാമ്പി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇരുപത്തി ഏഴുകാരനായ അയൂബ് നാല്‍പ്പത്തി ആറ് വര്‍ഷം കഠിനടതടവ് അനുഭവിക്കണം. രണ്ടേമുക്കാല്‍ ലക്ഷം രൂപ പിഴയൊടുക്കണം. പിഴത്തുക അതിജീവിതയ്ക്ക് കൈമാറണം. പിഴയൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അയൂബ് രണ്ടരവര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. കേസില്‍ പതിനാറ് സാക്ഷികളെ വിസ്തരിച്ചു. പതിനഞ്ച് രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി. അയൂബിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സമാനമായ ചില പരാതികളിലും അയൂബിനെതിരെ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *