തിരുവനന്തപുരം: പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും നാളെ മുതല്‍ വില കൂടിയേക്കും.പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏര്‍പ്പെടുത്തിയ ജിഎസ്‍ടി കൗണ്‍സില്‍ തീരുമാനം നാളെ നിലവില്‍ വരും. (പ്രീ പാക്ക്ഡ്) പാക്കറ്റിലാക്കിയ മാംസം, മീന്‍, തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കടക്കം 5 ശതമാനം നികുതി നാളെ പ്രാബല്യത്തിലാകും. കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന ജിഎസ്‍ടി കൗണ്‍സില്‍ യോഗമെടുത്ത തീരുമാനമാണ് നാളെ പ്രാബല്യത്തിലാകുന്നത്. ഇതോടൊപ്പം പരിഷ്കരിച്ച മറ്റ് നികുതി നിരക്കുകളും നിലവില്‍ വരും.
*വ്യക്തത തേടി കേരളം, ജിഎസ്‍ടി വകുപ്പിന് കത്തയച്ചു
അതേസമയം, ഏതെല്ലാം ഭക്ഷ്യവസ്തുക്കള്‍ക്ക് ഇത് ബാധകമാകും എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. വ്യാപാരികള്‍ സംശയം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വ്യക്തത തേടി സംസ്ഥാനം ജിഎസ്‍ടി വകുപ്പിന് കത്തയച്ചു. ഇക്കാര്യത്തില്‍ വൈകീട്ടോടെ മറുപടി കിട്ടുമെന്ന് ധനകാര്യ വകുപ്പ് വ്യക്തമാക്കി.
*വില കൂട്ടേണ്ടി വരുമെന്ന് മില്‍മ
നാളെ മുതല്‍ 5 ശതമാനം ജിഎസ്‍ടി നിലവില്‍ വരുന്ന സാഹചര്യത്തില്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടേണ്ടി വരുമെന്ന് മില്‍മ. മോര്, തൈര്, ലെസ്സി എന്നിവയുടെ വില കൂട്ടേണ്ടി വരുമെന്നാണ് മില്‍മ വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ വൈകീട്ടോടെ അന്തിമ തീരുമാനം എടുക്കുമെന്ന് മില്‍മ ചെയര്‍മാന്‍ അറിയിച്ചു.