തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. ഇന്നലെ രാത്രി മുതല്‍ പലയിടത്തും പെയ്യുന്ന മഴയില്‍ മരങ്ങള്‍ കടപുഴകി.
വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. മലയാറ്റൂരില്‍ ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീടുകളിലേക്ക് വീണു. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. ഇന്ന് രാവിലെ 8.30 ഓടെ ശക്തമായ കാറ്റ് വീശി. നൂറോളം ജാതി മരങ്ങളും, തേക്കും കാറ്റത്ത് ഒടിഞ്ഞ് വീണു. റോഡിലേക്കും മരങ്ങള്‍ വീണു. വൈദ്യുതി ബന്ധവും തകരാറിലായി. ഗതാഗതം പല സ്ഥലങ്ങളിലും തടസ്സപ്പെട്ടു.തൊടുപുഴക്കടുത്ത് കുണിഞ്ഞിയില്‍ ശക്തമായ കാറ്റില്‍ വ്യാപകമായ നാശനഷ്ടം സംഭവിച്ചു. മരങ്ങള്‍ ഒടിഞ്ഞു വീണ് വീടുകള്‍ക്കും കടമുറികള്‍ക്കും കേടുപാടുണ്ടായി. സ്ഥലത്ത് വ്യാപകമായ കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു ശക്തമായ കാറ്റ് വീശിയത്.
കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകളും 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍. രാവിലെ പത്തരയോടെ ഒരു ഷട്ടര്‍ 30 സെന്‍റീമീറ്ററില്‍ നിന്നും 45 സെന്‍റീമീറ്റര്‍ ആയി ഉയര്‍ത്തി. ഇതോടെ ഡാമില്‍ നിന്നും സെക്കന്‍ഡില്‍ 65 ക്യൂബിക് മീറ്റര്‍ ജലം പുറത്തേക്ക് ഒഴുകുന്നുണ്ട്. കോഴിക്കോട് മാവൂര്‍ കല്‍പ്പള്ളിയില്‍ ശക്തമായ മഴയില്‍ വീടിന് മുകളില്‍ മരം വീണ് കേടുപാടുണ്ടായി. നാടക നടന്‍ മിര്‍ഷാദിന്റെ വീടിന് മുകളിലാണ് മരം വീണത്.തൃശ്ശൂര്‍ നടത്തറ ചേരുങ്കഴിയില്‍ രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ വ്യാപക നാശ നഷ്ടമുണ്ടായി. റബ്ബര്‍, തെങ്ങ്, ജാതി മരങ്ങള്‍ കടപുഴകി. എട്ട് വീടുകള്‍ക്ക് ഭാഗീകമായി കേടുപാടുണ്ടായി.
വയനാട് ചുരത്തിന് താഴെ അടിവാരത്ത് വെളളക്കെട്ടുണ്ടായി. സമീപത്തെ പാലത്തിലും കടകളിലും വീടുകളിലും വെള്ളം കയറി. പുതുപ്പാടി പഞ്ചായത്തിലെ പ്രൈമറി സ്കൂളുകള്‍ക്ക് ശക്തമായ മഴയെ തുടര്‍ന്ന് എ ഇ ഒ അവധി പ്രഖ്യാപിച്ചു. പോത്തുണ്ടി പാലത്തില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വള്ളിയാട് പാലത്തിലും വെള്ളക്കെട്ടുണ്ട്.
അട്ടപ്പാടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗന്‍വാടികള്‍ക്കും ഇന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അട്ടപ്പാടി നരസിമുക്ക് പരപ്പന്‍തറയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളില്‍ തെങ്ങ് വീണ് ഓട്ടോറിക്ഷ തകര്‍ന്നിട്ടുണ്ട്. പരപ്പന്‍തറ സ്വദേശി പഴനിസ്വാമിയുടെ ഓട്ടോറിക്ഷയാണ് തകര്‍ന്നത്. താവളത്ത് നിന്ന് പരപ്പന്‍തറയിലേക്കുള്ള ഗതാഗതവും തടസപ്പെട്ടു.