NADAMMELPOYIL NEWS
JULY 15/2022
ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 12 ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
മദ്രാസ് പ്ലേയേര്‍സ് എന്ന തിയറ്റര്‍ ഗ്രൂപ്പില്‍ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയ മികവ് കണ്ട ഭരതന്‍ തന്റെ ആരവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. 1978-ലായിരുന്നു ആരവം ഇറങ്ങിയത്. 1979-ല്‍ ഭരതന്റെ തകര, 1980-ല്‍ ഭരതന്റെ തന്നെ ചാമരം എന്നീ സിനിമകളില്‍ പ്രതാപ് പോത്തന്‍ നായകനായി. അദ്ദേഹത്തിന്റെ അഭിനയം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടി. തകരയിലെയും ചാമരത്തിലെയും അഭിനയത്തിന് 79-80 വര്‍ഷങ്ങളില്‍ മികച്ച മലയാള നടനുള്ള ഫിലിം ഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു.
1980-ല്‍ മാത്രം പത്തോളം സിനിമകളില്‍ പ്രതാപ് പോത്തന്‍ അഭിനയിച്ചു. നെഞ്ചത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, മൂഡുപനി, വരുമയിന്‍ നിറം സിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം സിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയില്‍ അവിസ്മരണീയമായത്. തുടര്‍ന്ന് 1987 വരെ നിരവധി മലയാള ചിത്രങ്ങളില്‍ നായകനായും ഉപനായകനായും സ്വഭാവ നടനായുമെല്ലാം അദ്ദേഹം അഭിനയിച്ചു. 1992 വരെ തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. കുറച്ചുകാലം സിനിമയില്‍ നിന്നും മാറി ബിസിനസ്സ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം, ഗ്രീന്‍ ആപ്പിള്‍ എന്ന സ്വന്തം പരസ്യ കമ്പനിയില്‍ സജീവമാണ്. എം ആര്‍ എഫ്, നിപ്പോ തുടങ്ങിയ വലിയ കമ്പനികള്‍ക്ക് വേണ്ടി സച്ചിന്‍തെണ്ടുല്‍ക്കര്‍ ഉള്‍പ്പടെയുള്ളവരുടെ പരസ്യ സംവിധായകനായി.
പ്രതാപ് പോത്തന്‍ ആദ്യം സിനിമാ സംവിധായകനാകുന്നത് തമിഴിലിലാണ്. 1985- ല്‍ മീണ്ടും ഒരു കാതല്‍ കഥൈ എന്ന സിനിമയാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. 1987- ല്‍ ഋതുഭേദം എന്ന സിനിമ മലയാളത്തില്‍ സംവിധാനം ചെയ്തു. 1988- ല്‍ പ്രതാപ് പോത്തന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്ത സിനിമയായ ഡെയ്‌സി മലയാളത്തിലെ ഒരു സൂപ്പര്‍ഹിറ്റ് ചലച്ചിത്രമായിരുന്നു. തുടര്‍ന്ന് ഏഴ് തമിഴ് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. 1997-ല്‍ മോഹന്‍ലാലിനെയും ശിവാജിഗണേശനെയും നായകന്‍മാരാക്കി ഒരു യാത്രാമൊഴി എന്ന സിനിമ മലയാളത്തില്‍ സംവിധാനം ചെയ്തു. ഒരു ഇടവേളയ്ക്കുശേഷം പ്രതാപ് പോത്തന്‍ 1997-ല്‍ തേടിനേന്‍ വന്തത് എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് 2005- ല്‍ തന്മാത്രയില്‍ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം മലയാളത്തില്‍ തിരിച്ചുവരുന്നത്. അതിനുശേഷം മലയാളത്തിലും തമിഴിലിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2012- ല്‍ മികച്ച വില്ലന്‍ നടനുള്ള SIIMA അവാര്‍ഡ് പ്രതാപ് പോത്തന് 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചു.