NADAMMELPOYIL NEWS
JULY 15/2022

കോഴിക്കോട്: കല്ലുത്താന്‍കടവ് കോളനിക്കാര്‍ക്ക് രണ്ടുമാസത്തിനിടെ പുതിയ ഫ്‌ളാറ്റിലേക്ക് മാറാം. കോളനിയില്‍ വര്‍ഷങ്ങളായി തുടരുന്ന ദുരിതജീവിതത്തിന് ഇതോടെ അറുതിയാവുമെന്നാണ് കരുതുന്നത്. അതേസമയം, ഇവിടെ തുടങ്ങേണ്ട വ്യാപാരസമുച്ചയം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. പച്ചക്കറി മൊത്തവിതരണകേന്ദ്രവും റീട്ടെയില്‍ മാര്‍ക്കറ്റും ഇവിടെ ആരംഭിക്കേണ്ടതുണ്ട്. പത്ത് കോടിയാണ് മാര്‍ക്കറ്റ് നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി സ്ഥലം ഏറ്റെടുക്കണം. പ്രവൃത്തിക്കായി രണ്ടു കോടി മാത്രമാണ് കോര്‍പറേഷന്‍ മാറ്റിവെച്ചിട്ടുള്ളത്. ബാക്കി തുക കണ്ടെത്തിയില്ലെങ്കില്‍ പദ്ധതി അവതാളത്തിലാകും.
ഏതായാലും കല്ലുത്താന്‍കടവ് കോളനി നിവാസികള്‍ ആഹ്ലാദത്തിലാണ്. മഴയും വെയിലും വരെ അകത്തു കടക്കാന്‍ പാകത്തിലുള്ള കൂരകളില്‍ നിന്ന് മോചനം കിട്ടുന്ന ആഹ്ലാദം അവര്‍ മറച്ചുവെക്കുന്നില്ല. കോളനിയിലെ പല വീടുകളുടെയും കൂരകള്‍ പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ കൊണ്ടുംഫഌക്‌സ് ബോര്‍ഡുകള്‍ കൊണ്ടുമാണ് മറച്ചിട്ടുള്ളത്. കോളനിയില്‍ മുഴുവന്‍ ചളി വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയാണ്. കൃത്യമായ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ മഴക്കാലമായാലും വേനല്‍ കാലമായാലും ഇവിടെ വെള്ളം കെട്ടികിടക്കും. പലപ്പോഴും കക്കൂസ് ടാങ്കുകള്‍ പെട്ടെന്ന് നിറഞ്ഞൊഴുകും. വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് കോര്‍പറേഷന്‍ അധികൃതര്‍ നടത്തുന്ന ശുചീകരണം എവിടെയും എത്താറില്ലെന്ന് ഇവര്‍ പറയുന്നു.

കോഴിക്കോട് നഗരസഭയുടെ നേതൃത്വത്തിലാണ് കല്ലുത്താന് കടവിലെ നിവാസികള്‍ക്കായി ഫ്്ഌറ്റു നിര്‍മിക്കുന്നത്. 140 കുടുംബങ്ങള്‍ താമസിക്കാനായി ഏഴു നിലകളുള്ള നാല് കെട്ടിട സമുച്ചയങ്ങള്‍. 330 സ്വകയര്‍ ഫീറ്റില്‍ ഒരു റൂം, വിശ്രമ മുറി, അടുക്കള എന്നിവയടങ്ങിയതാണ് ഓരോ വീടുകളും. കല്ലുത്താന് കടവ് ഏരിയ ഡവലപ്പ്‌മെന്റ് കമ്പനിയാണ് ഫഌറ്റ് നിര്‍മിക്കുന്നത്. പെയ്ന്റിങ് പണി ബാക്കിയുണ്ട്. വൈദ്യുതി കണക്ഷന്‍ ലഭിക്കാനുണ്ട്. ബാത്ത് റൂം ഫിറ്റിങ്‌സുകളും നടന്നു കൊണ്ടിരിക്കുകയാണ്. ഫഌറ്റിലേക്കും കുടിവെള്ളം ശേഖരിക്കുന്നതിനായി ഫഌറ്റിനു സമീപത്തും ഫഌറ്റിനു മുകളിലും വാട്ടര്‍ ടാങ്ക് നിര്‍മിച്ചിട്ടുണ്ട്. ഫഌറ്റിനൊപ്പം വാഗ്ദാനം ചെയ്തിട്ടുള്ള ക്ലബുകളും ഇതോടൊപ്പം നിര്‍മിച്ചിട്ടുണ്ട്. കൂടാതെ ഹെല്‍ത്ത് സെന്ററിനുള്ള മുറിയും ഇവിടെയുണ്ട്. നാലു കെട്ടിടങ്ങളിലേയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രവേശന വഴികള്‍, രണ്ട് ലിഫ്റ്റുകള്‍ എന്നിവയുമുണ്ട്. മൂന്ന് മാസം കൊണ്ട് പണി പൂര്‍ണമായും പൂര്‍ത്തീകരിക്കാനാവുമെന്ന് കല്ലുത്താന് കടവ് ഏരിയ ഡവലപ്പ്‌മെന്റ് കമ്പനി അധികൃതര്‍ പറഞ്ഞു.

2005 ലാണ് ആദ്യമായി കോര്‍പറേഷന്റെ നേതൃത്വത്തില്‍ പദ്ധതിക്ക് തുടക്കമിടുന്നത്. പല കാരണങ്ങളാല്‍ പദ്ധതി വൈകി. 2009ല്‍ ശിലാസ്ഥാപനവും നടത്തി. വീണ്ടും അഞ്ച് വര്‍ഷത്തേക്ക് പദ്ധതി ഫയലില്‍ തന്നെ കിടന്നു. പിന്നീട് 2014ലാണ് ഫഌറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി. നിയമം പാസാക്കിയതോടെ പ്രവൃത്തി വീണ്ടും മുടങ്ങി. പല ബില്ലുകളും പാസാക്കാനും പണമനുവദിക്കാനുമെല്ലാം പ്രയാസം നേരിട്ടു. മാര്‍ച്ച് മാസത്തോടെ കൈമാറേണ്ടിയിരുന്ന ഫഌറ്റ് നിര്‍മാണം വീണ്ടും നീണ്ടു പോകാന്‍ ഇത് കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *