NADAMMELPOYIL NEWS
JULY 07/2022
കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ജില്ലയിൽ 20 വീടുകൾ ഭാഗികമായി തകർന്നതായി ദുരന്ത നിവാരണ സെൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 16 വില്ലേജുകളിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ആളപായമില്ല. കൊയിലാണ്ടി താലൂക്കിൽ 13 വീടുകൾക്കും വടകര താലൂക്കിൽ അഞ്ച് വീടുകൾക്കും കോഴിക്കോട് താലൂക്കിൽ ഒരു വീടിനും താമരശേരിയിലെ ഒരു വീടിനുമാണ് കനത്ത മഴയിൽ കേടുപാട് സംഭവിച്ചത്. നല്ലളം വെള്ളത്തും പാടത്ത് മുഹമ്മദ് യൂസഫ് മകൻ ഫൈസലിന്റെ വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു വീണു. കൊയിലാണ്ടി താലൂക്കിലെ ചെറുവണ്ണൂരിൽ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് എടക്കയിൽ പീടികയുള്ള പറമ്പിൽ രാജന്റെ വീട് ഭാഗികമായി തകരുകയും പോർച്ചിൽ നിർത്തിയിട്ട കാറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടത്തിൽ വീടിന്റെ സൺഷെയ്ഡും ഒരു ഭാഗത്തെ പില്ലറുകളും തകർന്നു.ചങ്ങരോത്ത് പഞ്ചായത്തിൽ ഒമ്പതാം വാർഡിലെ പനംകുറ്റിക്കര സുഭാഷിന്റെ നിർമാണത്തിലിരുന്ന വീട് തകർന്നു വീണു. കീഴരിയൂർ വില്ലേജിലെ കോണിൽ മീത്തൽ കൃഷ്ണന്റെ വീട് ഭാഗികമായി തകർന്നു. കോട്ടൂർ വില്ലേജിലെ മുരളീധരന്റെ വീടിന് സമീപത്തെ കരിങ്കൽ ഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. നരിപ്പറ്റ വില്ലേജിലെ മാതു കോളിയാട്ടു പൊയിൽ, ബിനീഷ് എന്നിവരുടെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചു.
മരം കടപുഴകി വീട് തകർന്നു
നാദാപുരം: വിലങ്ങാട് മലയോരത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ മരം കടപുഴകി വീണ് വീട് തകർന്നു. നരിപ്പറ്റ പഞ്ചായത്തിലെ വിലങ്ങാട് ആദിവാസി കുറിച്യ കോളനിയിലെ ബിനീഷിന്റെ വീടിന് മുകളിലാണ് സമീപത്തെ മരം കടപുഴകി വീണത്. ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. സംഭവം നടക്കുമ്പോൾ ബിനീഷിന്റെ ഭാര്യ രജനിയും, മകൾ ആസ്നേയയും വീടിനകത്തുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വീട് പൂർണമായി തകർന്നു. രാവിലെ തന്നെ മരം മുറിച്ച് മാറ്റി താൽകാലികമായി താമസിക്കാൻ വീടൊരുക്കി.
വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു
കോടഞ്ചേരി: തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ തിരുമലയിൽ ജയരാജിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് കനത്ത മഴയിൽ തകർന്നത്. റോഡ് താഴ്ത്തിയത് മൂലം പല വീടുകളും റോഡിൽ നിന്നും വളരെ ഉയരത്തിലാണുള്ളത്.
ജലനിരപ്പ്
ഉയർന്നു, ഓറഞ്ച്
അലേർട്ട് പ്രഖ്യാപിച്ചു
കോഴിക്കോട്: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്ന് 756.50 മീറ്ററിൽ എത്തിയ സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധികജലം ഒഴുക്കി വിടുന്ന നടപടികളുടെ ഭാഗമായുള്ള രണ്ടാംഘട്ട മുന്നറിയിപ്പാണിത്. മഴകൂടി ജലനിരപ്പ് വീണ്ടും ഉയർന്നാൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
പാര്‍ശ്വഭിത്തി
ഇടിഞ്ഞ് വീണ
വീടിന് അപകട ഭീഷണി
താമരശേരി: ശക്തമായ മഴയില്‍ വീടിന്റെ സമീപത്തുകൂടി ഒഴുകുന്ന തോടിന്റെ പാര്‍ശ്വ ഭിത്തി ഇടിഞ്ഞു വീണു. അമ്പായത്തോട് ഇരട്ടപറമ്പില്‍ സുലൈഖയുടെ വീടിനോട് ചേര്‍ന്ന തോടിന്റെ പാര്‍ശ്വ ഭിത്തിയാണ് ബുധനാഴ്ച ഉച്ചയോടെ തകര്‍ന്നു വീണത്. വീടിന്റെ തൂണുകള്‍ വരെയുള്ള ഭാഗത്തെ മണ്ണ് ഇടിഞ്ഞതിനാല്‍ വീട് അപകട ഭീഷണിയിലാണ്.
മഴയില്‍ കിണര്‍
ഇടിഞ്ഞു താഴ്ന്നു
താമരശേരി: കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. പുതുപ്പാടി പഞ്ചായത്ത് പതിനാറാം വാര്‍ഡ് അപ്പുറത്ത് പൊയില്‍ വി.സി.മുഹമ്മദിന്റെ വീട്ടുമുറ്റത്തെ കിണറാണ് ശക്തമായ മഴയില്‍ താഴ്ന്ന് പോയത്.
ഏഴു മീറ്ററോളം ആഴമുള്ള കിണറിന്റെ സുരക്ഷാ മതിലടക്കമാണ് താഴ്ന്നത്.