NADAMMELPOYIL NEWS
JULY 04/2022
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞദിവസത്തേതിന് സമാനമായി ഇന്നും അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇവിടെ അതിശക്തമായ മഴ സാദ്ധ്യതയുണ്ട്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലർട്ടാണ്. നാളെ ആറും മറ്റന്നാൾ ഒൻപതും ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്.
ഇന്ന് വടക്കൻ കേരളത്തിലാകും കനത്ത മഴ ലഭിക്കുക. കാലവർഷക്കാറ്റ് ശക്തിപ്രാപിച്ച് തെക്കോട്ട് നീങ്ങിയതും ജാർഖണ്ഡിന് മുകളിൽ ചക്രവാത ചുഴിയുളളതുമാണ് സംസ്ഥാനത്ത് മഴ കൂടാൻ കാരണം. ഇടുക്കി,തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകൾക്കൊപ്പം ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലേക്കും മഴ വ്യാപിക്കുന്നതിനാൽ മറ്റന്നാൾ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
സംസ്ഥാനത്തെ വിവിധയിടങ്ങളിൽ മഴക്കെടുതിയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇന്ന് ഏലപ്പാറയിൽ എസ്‌റ്റേറ്റ് ലയത്തിലെ മണ്ണിടിച്ചിൽ എസ്‌റ്റേറ്റ് തൊഴിലാളി മരിച്ചു. കോഴിക്കാനം എസ്‌റ്റേറ്റിലെ തൊഴിലാളി പുഷ്‌പയാണ് മരിച്ചത്. വിവിധ ജില്ലകളിൽ വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് അറിയിപ്പ്.