NADAMMELPOYIL NEWS
JULY 04/2022
ബേപ്പൂർ ബഷീർ എന്ന മഹാപ്രതിഭയുടെ ഇമ്മിണി ബല്യ ഓർമകളിൽ നിറഞ്ഞ് ബേപ്പൂർ. മലയാളത്തിന്റെ ഇഷ്‌ട എഴുത്തുകാരന്റെ ഓർമയ്‌ക്കായി നമ്മൾ ബേപ്പൂർ കൂട്ടായ്മ സംഘടിപ്പിക്കുന്ന “ബഷീർ ഫെസ്റ്റ്’ ബേപ്പൂരിന് ഉത്സവമാകുന്നു. ഉദ്‌ഘാടനത്തിനുശേഷം രണ്ടാം ദിനം നാടിന്റെ നാനാദിക്കുകളിൽ നിന്നായി പ്രായഭേദമില്ലാതെ അക്ഷരസ്നേഹികൾ പരിപാടികളിലേക്ക് ഒഴുകിയെത്തി. ഞായറാഴ്‌ച രാവിലെ ഇരുനൂറോളം കുട്ടികൾ പങ്കെടുത്ത ചിത്രരചനാ മത്സരം ബഷീർ ചിത്രങ്ങളുടെയും കഥാപാത്രങ്ങളുടെയും മഹാമേളയായി. പിന്നാലെ ബഷീർ ചലച്ചിത്രോത്സവം കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി രജനി അധ്യക്ഷയായി. മലയാളിയുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് എഴുത്തുകാരന് നിർമിക്കുന്ന സ്മാരക മന്ദിരം – “ആകാശമിഠായി’ കല്ലിടലും നാട് ഉത്സവമാക്കി. രാധാകൃഷ്ണൻ പേരാമ്പ്ര രചിച്ച് രവിശങ്കർ സംവിധാനം ചെയ്ത് ബേപ്പൂർ ഊർവര തിയറ്റേഴ്സ് അവതരിപ്പിച്ച “പൊക്കൻ’ നാടകവും മ്യൂസിക്കൽ നൈറ്റും അരങ്ങേറി.