NADAMMELPOYIL NEWS
JULY 03/2022
തിരുവനന്തപുരം: സോളാർ കേസിലെ പ്രതിയുടെ പീഡനപരാതിയിൽ അറസ്റ്റിലാവുകയും മണിക്കൂറുകൾക്കകം ജാമ്യം കിട്ടി പുറത്തിറങ്ങുകയും ചെയ്ത മുൻ എംഎൽഎ പി.സി. ജോർജ്, മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരേ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കന്പനിയായ എക്സാ ലോജിക്കിന്റെയും സാന്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു. ജാമ്യം കിട്ടി പുറത്തിറങ്ങിയ പി.സി. ജോർജ് എഴുതിത്തയാറാക്കിയ കത്തുമായാണ് മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ഗുരുതര ആരോപണങ്ങളാണ് കത്തിലുണ്ടായിരുന്നത്. ഇത് മാധ്യമങ്ങൾക്കു മുന്നിൽ വായിച്ച ജോർജ്, കത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ മുൻപാകെ ഹാജരാക്കുമെന്നും പറഞ്ഞു.
പിണറായി വിജയൻ തന്നോട് വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നു പറഞ്ഞ ജോർജ്, ഇപ്പോൾ കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ നാടകങ്ങൾക്കു പിന്നിൽ മറഞ്ഞിരിക്കുന്നത് മുഖ്യമന്ത്രി മാത്രമല്ല റിയൽ എസ്റ്റേറ്റ് ഡോണ്‍ ഫാരിസ് അബൂബക്കർ കൂടിയാണെന്ന് ആരോപിച്ചു. ഫാരിസ് അബൂബക്കറും പിണറായി വിജയനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്.
2012 മുതൽ പിണറായി വിജയന്റെ നീക്കങ്ങളെ നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കറാണ്. ഫാരിസ് അബൂബക്കർ ഇപ്പോൾ അമേരിക്കയിലാണുള്ളത്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയുടെ അടിക്കടിയുള്ള അമേരിക്കൻ സന്ദർശനങ്ങളെ ക്കുറിച്ചും അമേരിക്കൻ ബന്ധങ്ങളെക്കുറിച്ചും കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കണമെന്നും പി.സി. ജോർജ് പറഞ്ഞു.