വയനാട്: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ബോംബേറുണ്ടായ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.
നേരത്തെ രാഹുല്‍ ഗാന്ധിക്ക് നിശ്ചയിച്ചിരുന്ന സുരക്ഷ വര്‍ധിപ്പിക്കാനാണ് തീരുമാനം.
രാഹുല്‍ ഗാന്ധി രാവിലെ എട്ട് മണിക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തും. ഇവിടെ നിന്ന് അഞ്ച് ഡിവൈഎസ്പിമാരുടെ സംഘം ഇദ്ദേഹത്തെ വയനാട് അതിര്‍ത്തി വരെ അനുഗമിക്കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ആര്‍ ഇളങ്കോ അറിയിച്ചു. വയനാട്ടില്‍ ഇന്ന് നാല് പരിപാടികളിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കും. എല്ലാ പരിപാടികളിലും പൊലീസ് സുരക്ഷ ശക്തമാക്കാനാണ് തീരുമാനം.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി എം പി ഇന്ന് വയനാട്ടില്‍ എത്തുന്നത്. രാവിലെ കണ്ണൂരിലാണ് അദ്ദേഹം വിമാനമിറങ്ങുന്നത്. ഇവിടെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിക്കും. കണ്ണൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ ഏഴിടങ്ങളിലെ സ്വീകരണത്തിന് ശേഷം അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും.
മാനന്തവാടി ഒണ്ടയങ്ങാടിയില്‍ നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് ജില്ലയിലെ ആദ്യപരിപാടി. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകനയോഗത്തിലും അദ്ദേഹം പങ്കെടുക്കും.
വൈകിട്ട് നാല് മണിക്ക് ബഫര്‍സോണ്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജന സംഗമത്തോടെ ആദ്യ ദിവസത്തെ പരിപടികള്‍ അവസാനിക്കും. എം.പി ഓഫീസ് ആക്രമത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കനത്ത പൊലീസ് സുരക്ഷയാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.