ദില്ലി: പരീക്ഷകളിലെ മാര്‍ക്കല്ല ഒരു വ്യക്തിയുടെ ജീവിത വിജയത്തെ നിശ്ചയിക്കുന്നത്. മറിച്ച്‌ കഠിനാധ്വാനവും നിശ്ചയദാര്‍ഡ്യവുമാണ്.അക്കാര്യത്തിന് മികച്ച ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റ്.

ഗുജറാത്തിലെ ബറൂച്ച്‌ ജില്ലയുടെ കലക്ടര്‍ തുഷാര്‍ സുമേരയുടെ മാര്‍ക്ക് ഷീറ്റാണിത്. ഇം​ഗ്ലീഷ് പരീക്ഷക്ക് 35ഉം കണക്കിന് 36ഉം മാര്‍ക്കാണ് അദ്ദേഹത്തിന് പത്താം ക്ലാസ് പരീക്ഷയില്‍ ലഭിച്ചത്. പാസ്സാകാന്‍ മാത്രമുള്ള മാര്‍ക്കുകള്‍ മാത്രമേ നേടിയുള്ളൂവെങ്കിലും കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ട് ഇദ്ദേഹത്തിന് കളക്ടറാകാന്‍ സാധിച്ചു.

സുമേരയുടെ പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് ഐഎഎസ് ഉദ്യോ​ഗസ്ഥനായ അവനീഷ് ശരണ്‍ ആണ്. ഛത്തീസ്ഗഢ് കേഡറിലെ 2009 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റിനൊപ്പം സുമേരയുടെ ചിത്രവും ട്വിറ്ററില്‍ പങ്കുവച്ചു. നിരവധി പേരാണ് ഈ ട്വീറ്റിന് പ്രതികരണമറിയിച്ചിട്ടുള്ളത്. 2012 ലാണ് തുഷാര്‍ സുമേര ഐഎഎസ് ഓഫീസറായി ചുമതലയേല്‍ക്കുന്നത്. ആര്‍ട്‌സ് സ്ട്രീമില്‍ ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം യുപിഎസ്‌സി പരീക്ഷ പാസാകുന്നതിന് മുമ്ബ് സ്കൂള്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.

പത്താം ക്ലാസ് പരീക്ഷയില്‍ ഇം​ഗ്ലീഷ് പരീക്ഷയില്‍ 100 ല്‍ 35 മാര്‍ക്കും കണക്കിന് 100ല്‍ 36 മാര്‍ക്കും മാത്രമാണ് അദ്ദേഹം നേടിയത്. ജീവിതത്തില്‍ ഒന്നുമാകാന്‍ പോകുന്നില്ലെന്ന് വിധിയെഴുതിയവരെ ഞെട്ടിച്ചു കൊണ്ടാണ് തുഷാര്‍ സുമേര ഐഎഎസ് ഉദ്യോ​ഗസ്ഥനായതെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. ട്വീറ്റിന് തുഷാര്‍ സുമേര നന്ദിയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *