NADAMMELPOYIL NEWS
JUNE 11/2022

കോഴിക്കോട്: സിനിമാ സ്റ്റൈലിൽ കോഴിക്കോട് നഗരത്തിലെ പെട്രോൾ പമ്പിൽ കവർച്ച നടത്തിയ മുൻ ജീവനക്കാരനായ യുവാവ് പിടിയിൽ. മുളകുപൊടി വിതറിയ ശേഷം പമ്പിലുണ്ടായിരുന്ന ജീവനക്കാരനെ കെട്ടിയിട്ട് മർദ്ദിച്ച് അരലക്ഷം രൂപ കവർന്ന മലപ്പുറം എടപ്പാൾ കാലടി സ്വദേശി മള്ളമടക്കൽ സാദിഖിനെയാണ് (22) പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ 1.40നാണ് സംഭവം. പബ്ജി ഗെയിന് അടിമയായ പ്രതി ‘ധൂം” എന്ന സിനിമയിലെ രംഗങ്ങൾ പ്രചോദനമായി കണ്ടാണ് മോഷ്ടിക്കാനെത്തിയത്. കൂടാതെ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന വേഷവിധാനങ്ങളാണ് പ്രതിയും ഉപയോഗിച്ചിരുന്നത്. മെഡിക്കൽ കോളേജ് അസി. കമ്മിഷണർ കെ. സുദർശനും കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മാവൂർ റോഡിൽ കോട്ടൂളിയിലെ നോബിൾ പെട്രോൾ പമ്പിലായിരുന്നു മോഷണം നടന്നത്. ഇവിടത്തെ ജീവനക്കാരനായ വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് റാഫിക്കാണ് മർദ്ദനമേറ്റത്. ഇതേ പമ്പിലെ ജോലിക്കാരനായിരുന്ന പ്രതി സാദിഖ് മൂന്നാഴ്ച മുമ്പാണ് ജോലി മതിയാക്കി പോയത്. ആഡംബര ബൈക്കിന്റെ ലോൺ അടയ്ക്കുന്നതിലേക്കുള്ള പണം കണ്ടെത്തുന്നതിനാണ് കവർച്ച നടത്തിയതെന്ന് ചോദ്യംചെയ്യലിൽ പ്രതി പൊലീസിനോട് സമ്മതിച്ചു. മോഷ്ടാവ് മർദ്ദിക്കുന്നതുൾപ്പെടെ സി.സി ടിവി ദൃശ്യങ്ങളിൽ കാണുന്നുണ്ടെങ്കിലും മുഖംമൂടിയണിഞ്ഞതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. വിരലടയാളം പതിയാതിരിക്കാൻ റേസിങ് ഗ്ലൗസും ധരിച്ചിരുന്നു.
പെട്രോൾ പമ്പിന്റെ മതിലിലൂടെ മേൽക്കൂരയിൽ കയറി അവിടെനിന്ന് ജനലിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നത്. ഇവിടെ ജോലി ചെയ്തിരുന്നതിനാൽ പമ്പിലെ മറ്റ് സി.സി ടിവി കാമറകളിലൊന്നും പെടാതെയാണ് കവർച്ച നടത്തിയത്.

 പഴുതടച്ച അന്വേഷണം

കേസിന്റെ ഗൗരവം കണക്കിലെടുത്ത് കോഴിക്കോട് സിറ്റി പൊലീസ് മേധാവി ഇൻ ചാർജ് ആമോസ് മാമന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക്ക് സെൽ എ.സി.പി എ.ജെ. ജോൺസന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി കൃത്യത്തിന് ഉപയോഗിച്ച സാധനങ്ങളും,ആക്രമണ ശൈലിയും മനസിലാക്കിയ പൊലീസ് മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയും രഹസ്യമായി നിരീക്ഷിച്ചിരുന്നു. കൂടാതെ പമ്പിൽ മുമ്പ് ജോലിചെയ്തിരുന്നവരെ കുറിച്ചുള്ള അന്വേഷണവും നടത്തി. കവർച്ചയ്ക്ക് ശേഷമുള്ള ആഡംബര ജീവിതമാണ് സാദിഖിലേക്ക് വിരൽചൂണ്ടിയത്.തുടർന്ന് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന മെൻസ് ഹോസ്റ്റലിൽ നിന്ന് പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *