NADAMMELPOYIL NEWS
JUNE 11/2022

നാദാപുരം: നാദാപുരത്ത് കോളജ് വിദ്യാർഥിനി നയിമയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതി മൊകേരി മുറവശ്ശേരി സ്വദേശി എച്ചിറോത്ത് റഫ്നാസിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് കത്തിക്കാനായിരുന്നു പ്രതിയുടെ പദ്ധതി എന്നാണ് പൊലീസ് നൽകുന്ന സൂചന.
കല്ലാച്ചി ഹൈടെക് കോളജ് ഒന്നാംവർഷ ഡിഗ്രി വിദ്യാർഥിനി പേരോട്ടെ തട്ടിൽ അലിയുടെ മകൾ നയിമ (19)യെയാണ് വ്യാഴാഴ്ച ഉച്ച രണ്ടോടെ വീടിനു സമീപം വെട്ടിപ്പരിക്കേൽപിച്ചത്. കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലുള്ള വിദ്യാർഥിനിയെ വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കി. നയിമ അപകടനില പൂർണമായും തരണം ചെയ്തില്ല. തലയോട്ടി തകർന്ന് തലച്ചോറിലേക്ക് കയറിയതടക്കമുള്ളവ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനാണ് ഡോക്ടർമാരുടെ ശ്രമം. വെള്ളിയാഴ്ച്ച തലയിൽ രണ്ട് ശസ്ത്രക്രിയ നടത്തി.
സംഭവശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച റഫ്നാസിനെ നാട്ടുകാർ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിതന്നെ ആശുപത്രിയിൽനിന്ന് നാദാപുരം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പേരോട്ടെ സ്ഥലം, ആയുധം വാങ്ങിയ കക്കട്ടിലെ സ്ഥാപനം, പെട്രോൾ വാങ്ങിയ പമ്പ് എന്നിവിടങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *