കൊച്ചി/ തൃക്കാക്കര: ഒരു മാസത്തോളം നീണ്ട ഹൈ വോള്‍ട്ടേജ് പ്രചാരണത്തിന് ശേഷം തൃക്കാക്കരയില്‍ ജയിച്ചു കയറിയത് ഉമ തോമസ് തന്നെ.അഞ്ചാം റൗണ്ടില്‍ത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടില്‍ പി.ടി. തോമസിന്‍റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു.
പന്ത്രണ്ട് റൗണ്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ 72770 വോട്ടുകള്‍ നേടിയാണ് പി ടി തോമസിന്‍റെ പിന്‍ഗാമിയായി മത്സരിച്ച ഉമ തോമസിന്‍റെ മിന്നുംവിജയം. 25,016 വോട്ടുകളുടെ, അതായത് കാല്‍ലക്ഷം പിന്നിട്ട വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ തോമസിന്‍റെ വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് 47754 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് 12957 വോട്ടുകളാണ് കിട്ടിയത്.
കണക്കുകള്‍ ഇങ്ങനെ:
ബെന്നി ബഹനാന് കിട്ടിയതിനേക്കാള്‍ ഭൂരിപക്ഷം നേടി തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്‍റെ ഏക വനിതാ എംഎല്‍എയായി നിയമസഭയിലേക്ക് എത്തുന്നത്. പതിനൊന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ത്തന്നെ കാല്‍ലക്ഷം കടന്നു ഉമ തോമസിന്‍റെ ഭൂരിപക്ഷം. ഇരുപതില്‍ത്താഴെ ബൂത്തുകളില്‍ മാത്രമാണ് ജോ ജോസഫിന് മുന്‍തൂക്കം കിട്ടിയത്. ഒ രാജഗോപാലിന് ശേഷം നിയമസഭയില്‍ എത്തുക താനെന്ന അവകാശവാദം ഉന്നയിച്ച എ എന്‍ രാധാകൃഷ്ണന് പക്ഷേ കഴിഞ്ഞ തവണ ബിജെപിക്ക് കിട്ടിയ വോട്ട് പോലും കിട്ടിയില്ലെന്ന നിരാശ മാത്രം ബാക്കി.
ഓരോ റൗണ്ടിലും ഉമയുടേത് വ്യക്തമായ ആധിപത്യം
പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ ഇത്തവണ ആകെ പത്തെണ്ണം മാത്രമാണുണ്ടായിരുന്നത്. 83 വോട്ടുകള്‍ക്ക് അപേക്ഷ കിട്ടിയിരുന്നെങ്കിലും തിരിച്ച് വന്നത് പത്തെണ്ണം മാത്രം. അതില്‍ വെറും ഒരു വോട്ടിന്‍റെ ലീഡ് മാത്രമാണ് ഉമ തോമസിന് കിട്ടിയത്. മൂന്ന് വോട്ടുകള്‍ അസാധുവായി. മൂന്ന് വോട്ടുകള്‍ ഉമ തോമസിന് കിട്ടി. രണ്ട് വോട്ടുകള്‍ വീതമാണ് എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടി.
ആകെ പത്ത് റൗണ്ട് വോട്ടുകളാണ് എണ്ണിയത്. ആദ്യ എട്ട് റൗണ്ടുകള്‍ കോര്‍പ്പറേഷന്‍ ഡിവിഷനുകളാണെങ്കില്‍ അവസാന രണ്ടെണ്ണം തൃക്കാക്കര മുന്‍സിപ്പാലിറ്റിയായിരുന്നു.
ആദ്യറൗണ്ടിലേ ഉമ മുന്നില്‍
രാവിലെ 8.40-ഓടെ ആദ്യറൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമ തോമസ് മുന്നിലെത്തി. 2518 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉമ തോമസിന് ആദ്യറൗണ്ടില്‍ കിട്ടിയത്. ഇടപ്പള്ളി, പോണേക്കര എന്നീ ഡിവിഷനുകളിലെ 15 ബൂത്തുകളിലും ഉമ തോമസ് മുന്നിലെത്തി. 1500 വോട്ടുകളുടെ ലീഡാണ് ഇവിടെ യുഡിഎഫ് പ്രതീക്ഷിച്ചത്. പി.ടി.തോമസിന് 2021-ല്‍ ഇവിടെ നിന്ന് കിട്ടിയത് 1258 വോട്ടുകളുടെ ലീഡ് മാത്രമാണ്. പോസ്റ്റല്‍ വോട്ടുകളുടെ കണക്ക് യുഡിഎഫ് ക്യാമ്ബുകളില്‍ തെല്ല് അങ്കലാപ്പുണ്ടാക്കിയെങ്കിലും ആദ്യറൗണ്ടില്‍. യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ് ഈ രണ്ട് ഡിവിഷനുകളും. 21 മെഷീനുകളാണ് ഇവിടെ എണ്ണിയത്.