തിരുവനന്തപുരം: വിദ്വേഷപ്രസംഗ കേസില്‍ ജയിലില്‍ കഴിയുന്ന ജനപക്ഷം പാര്‍ട്ടി നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജ്ജിന് ജാമ്യം.ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പി സി ജോര്‍ജിന് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത്. ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്ന് പിസി ജോര്‍ജ്ജ് കോടതിയെ അറിയിച്ചു. ഇത് മുഖവിലക്കെടുത്ത കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ പൊലീസ് അന്വേഷണവുമായി സഹകരിക്കണം, പൊലീസ് ആവശ്യപ്പെട്ടാല്‍ ഹാജരാക്കണമെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. അതേ സമയം വെണ്ണല കേസില്‍ അദ്ദേഹത്തിന് കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു.
ഇത്തരം കേസുകള്‍ സമൂഹത്തിന് വിപത്താണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തു. പിസി ജോര്‍ജ്ജ് സമാന കുറ്റകൃത്യം ചെയ്യുമെന്ന ആശങ്കയുണ്ടെന്നും ഡിജിപി ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയെ അറിയിച്ചു.
തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ കോടതി നല്‍കിയ ജാമ്യ ഉപാധികള്‍ ലംഘിച്ചതിന് കഴിഞ്ഞ ദിവസമാണ് പി സി ജോര്‍ജിന് നല്‍കിയ ജാമ്യം കോടതി റദ്ദാക്കിയത്. പിന്നാലെ കൊച്ചിയില്‍ അറസ്റ്റ് ചെയ്ത ജോര്‍ജ്ജിനെ പൊലീസ് അര്‍ദ്ധ രാത്രി തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെ രാവിലെ കനത്ത സുരക്ഷയില്‍ ജഡ്ജിയുടെ ചേംബറില്‍ ഹാജരാക്കി. തുടര്‍ന്ന് ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. തിടുക്കത്തിലുള്ള നടപടികള്‍ക്ക് പിന്നില്‍ സര്‍ക്കാരെന്ന് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ മാധ്യമങ്ങളെ കണ്ട പിസി ജോര്‍ജ്ജ് ആരോപിച്ചിരുന്നു. തുടരെ തുടരെ കുറ്റം ആവര്‍ത്തിക്കുകയാണ് ജോര്‍ജെന്നും അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ആരോപിക്കുന്നത്.