ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ എയർബസ് 320 നിയോ വിമാനം തിരിച്ചിറക്കി. മുംബൈ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം, 27 മിനുട്ടുകൾക്കു ശേഷമാണ് തിരിച്ചിറക്കിയത്. വിമാനത്തിന്റെ രണ്ട് എൻജിനുകളിൽ ഒന്നിനുണ്ടായ സാങ്കേതിക തകരാറാണ് വിമാനം തിരിച്ചിറക്കുന്നതിൽ അവസാനിച്ചത്.
മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് തകരാറുണ്ടായത്. വെള്ളിയാഴ്ച രാവിലെ 9.43ന് പറന്നുയർന്ന് അൽപസമയത്തിനു ശേഷം പൈലറ്റിന് സാങ്കേതിക തകരാറിനെ കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് 10.10 ഓടെയാണ് വിമാനം താഴെയിറക്കിയത്.
യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ബെംഗളൂരുവിലേക്ക് അയച്ചതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു. സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു.