NADAMMELPOYIL NEWS
MAY 18/22
കൊച്ചി: കേരളം നേരിടാന്‍ പോകുന്നത് മറ്റൊരു മഹാപ്രളയമോ
പ്രളയ സൂചനകള്‍ ശക്തമാക്കുന്നാണ് കലാവസ്ഥാ പ്രവചനം. സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി. കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴിയും വടക്കന്‍ കേരളം മുതല്‍ വിദര്‍ഭ വരെ ന്യൂനമര്‍ദ പാത്തിയും നിലനില്‍ക്കുന്നത് വലിയ ഭീഷണിയാണ്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാകും കൂടുതല്‍ മഴ.
ഇന്ന് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെലോ അലര്‍ട്ടുമാണു പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടുമാണ്.
മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. 21 വരെ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല. കൂടുതല്‍ ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയാണ് എല്ലാ ജില്ലാ ഭരണകൂടവും.
2018 ലുണ്ടായ അവസ്ഥയാണ് ഇപ്രാവശ്യം ഇടവത്തിന് മുന്‍പ് അന്തരീക്ഷത്തില്‍ ഉണ്ടായതെങ്കിലും അന്നത്തെ മറ്റു സ്ഥിതിഗതികള്‍ ഇനിയുണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ പ്രാദേശികമായി എപ്പോള്‍ വേണമെങ്കിലും മഴ കനത്തനാശമുണ്ടാകാമെന്നാണ് നിഗമനം. കടലുകളിലെ മാറ്റവും ഉത്തരേന്ത്യയില്‍ മുന്‍പില്ലാത്തവിധം അത്യുഷ്ണവും തുടരുന്നതാണ് ഇതി കാരണം. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ മാറ്റങ്ങള്‍ അനുസരിച്ചായിരിക്കും അടുത്തദിവസങ്ങളില്‍ മഴപെയ്ത്തും അതിന്റെ വ്യാപനവും
ലക്ഷദ്വീപിനോടു ചേര്‍ന്നുള്ള ചക്രവാതം ന്യൂനമര്‍ദ്ദമായി രൂപപ്പെടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കാറ്റിന്റെ ശക്തി മഴയ്ക്ക് ആക്കം കൂട്ടാനും സാധ്യതയുണ്ട്. ഒരാഴ്ചയായി അന്തരീക്ഷത്തിലെ വിവിധഘടകങ്ങളുടെ അടിസ്ഥാനത്തില്‍ കാലവര്‍ഷം ഏതാണ്ട് എത്തിയെന്ന നിരീക്ഷണവുമുണ്ട്. ഏതായാലും മഴ കാരണം കേരളത്തിലെ അണക്കെട്ടുകള്‍ എല്ലാം അതിവേഗം നിറയുകയാണ്. ഇത് മധ്യകേരളത്തെ കൂടുതല്‍ ആശങ്കയിലാക്കുന്നു. ഇടുക്കിയും മുല്ലപ്പെരിയാറും നിറഞ്ഞാല്‍ അത് ഭീഷണി പുതിയ തലത്തിലെത്തിക്കും.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ദക്ഷിണാര്‍ധഗോളത്തില്‍ നിന്നുള്ള വായു താപനില വര്‍ധിച്ച് പടിഞ്ഞാറ് ഭാഗത്തേയ്ക്കു നീങ്ങി കാര്‍മേഘങ്ങളുമായി ആഫ്രിക്കന്‍ മുനമ്ബിലെത്തി തിരിച്ചെത്തും. പിന്നീട് ഗള്‍ഫ് മേഖലയിലൂടെയുള്ള സഞ്ചാരത്തിനിടെ മണല്‍അംശം വന്‍തോതില്‍ കലര്‍ന്ന് മേഘങ്ങള്‍ക്കു കട്ടികൂടും. തുടര്‍ന്ന് കാറ്റ് അത്യുഷ്ണം അനുഭവപ്പെടുന്ന ടിബറ്റന്‍ പീഠഭൂമിയിലെത്തുന്നതോടെ സഹ്യപര്‍വതത്തില്‍ തട്ടിമഴയായി മാറുന്നതാണ് കാലവര്‍ഷത്തിന്റെ സ്വഭാവം.