തിരുവമ്പാടി : കൂടരഞ്ഞി കക്കാടംപൊയിൽ കരിമ്പ് മേഖലയിൽ കാട്ടാനകൾ ഇറങ്ങി. 130- ഓളം വാഴകൾ ചവിട്ടിമെതിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് സംഭവം. കൊല്ലിയിൽ ബിജു, പൂവത്തിനാൽ അലക്സ് എന്നിവരുടെ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. രണ്ട് ആനകളാണുണ്ടായിരുന്നതെന്ന് ബിജു പറഞ്ഞു.
രാത്രി ഒന്നരയോടെയാണ് ഇവയെ കണ്ടത്.വാളംതോട്, നായാടംപൊയിൽ മേഖലയിൽ വല്ലപ്പോഴും കാട്ടാനകൾ ഇറങ്ങാറുണ്ടെങ്കിലും കരിമ്പ് മേഖലയിൽ അടുത്തകാലത്തൊന്നും കാട്ടാനകൾ ഇറങ്ങിയിരിന്നില്ല. മൂടൽ മഞ്ഞ് കനത്തതോടെ കാട്ടാനകളെ പെട്ടെന്ന് ശ്രദ്ധയിൽപെടില്ലെന്നും നാട്ടുകാർ പറയുന്നു.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിൽ അങ്ങാടിയിൽനിന്ന് രണ്ടു കിലേമീറ്റർ അകലെയാണ് കരിമ്പ്. ഇവിടേയും വിനോദ സഞ്ചാരികളെത്താറുണ്ട്.
വിളനാശം നേരിട്ട കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് അംഗം സീനാ ബിജു ആവശ്യപ്പെട്ടു.