NADAMMELPOYIL NEWS
MAY 05/22
ന്യൂഡെല്‍ഹി: () യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.
‘ശിക്ഷ ഒഴിവാക്കാന്‍ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം കോടതിവിധിക്കെതിരെ കേന്ദ്ര സര്‍കാര്‍ യെമന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അറിയിച്ചു. നിമിഷപ്രിയയ്ക്ക് നിയമസഹായം ഉറപ്പാക്കും. കോടതിക്ക് പുറത്തും മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്നും’ ജയശങ്കര്‍ പറഞ്ഞു.
യെമനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയയ്ക്കു യെമന്‍ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വധശിക്ഷ വിധിച്ചത്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവ് ലഭിക്കും. മരിച്ചയാളുടെ കുടുംബത്തിനു ബ്ലഡ് മണി നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനാണു നാട്ടുകാര്‍ ചേര്‍ന്നു രൂപീകരിച്ച ആക്ഷന്‍ കമിറ്റിയുടെ ശ്രമം.
യെമന്‍ പൗരന്റെ കുടുംബം ബ്ലഡ് മണി നല്‍കിയാല്‍ മാപ്പുനല്‍കാന്‍ തയാറാണെന്ന് നേരത്തെ അറിയിച്ചിരുന്നു. ഏകദേശം ഒന്നരകോടിയാണ് ആവശ്യപ്പെട്ടതെന്നാണ് വിവരം.