NADAMMELPOYIL NEWS
MAY 05/22

മലപ്പുറം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയ വാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് പെരിന്തല്‍മണ്ണ.
ഗുഡ്‌സ് ഓട്ടോയിലുണ്ടായ സ്‌ഫോടനം ആസൂത്രിതമെന്ന് ആണ് പൊലീസ് പറയുന്നത്. ഓട്ടോ ഉടമ മുഹമ്മദ് ആത്മഹത്യാശ്രമം നടത്തിയെന്ന നിഗമനത്തിലാണ് പോലീസ്. ഭാര്യയേയും കുട്ടികളേയും വാഹനത്തിലേക്ക് വിളിച്ചുവരുത്തി പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. വാഹനം പുറത്ത് നിന്നും പൂട്ടിയ ശേഷമാണ് മുഹമ്മദ് കൃത്യം നടത്തിയത്. പൊള്ളലേറ്റ മുഹമ്മദ് കഴുത്തില്‍ കയറിട്ട് കിണറ്റിലേക്ക് ചാടുകയായിരുന്നു. മൂവരുടേയും ജീവന്‍ നഷ്ടപ്പെട്ടു.

പാണ്ടിക്കാട് – പെരിന്തല്‍മണ്ണ റോഡിലുള്ള കൊണ്ടിപ്പറമ്ബിലാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സംഭവം നടന്നത്. ഓട്ടോയില്‍ സ്‌ഫോടന വസ്തുക്കളും ഉണ്ടായിരുന്നതായി വിവരമുണ്ട്. 40 മിനിറ്റിലേറെ സമയമെടുത്താണ് ആളിപ്പടര്‍ന്ന തീ അണയ്ക്കാന്‍ നാട്ടുകാര്‍ക്ക് സാധിച്ചത്. അപ്പോഴേക്കും മുഹമ്മദിന്റെ ഭാര്യ ജാസ്മിന്‍ മകള്‍ 11 വയസുകാരി ഫാത്തിമത്ത് സഫയും മരിച്ചിരുന്നു. ഇരുവരുടേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെടുത്തത്. ഗുരുതരമായി പൊള്ളലേറ്റ് മറ്റൊരു മകള്‍ അഞ്ചു വയസുകാരി ഷിഫാനയെ ആശുപത്രിയിലേക്ക് മാറ്റി.

കുടുംബ വഴക്കാണ് ഇത്തരത്തിലൊരു ദാരുണസംഭവത്തിന് പിന്നിലെന്നാണ് വിവരം. കാസര്‍കോട് സ്വദേശിയായ മുഹമ്മദ് കരുവാരക്കുണ്ട് മാമ്ബുഴയിലാണ് താമസിച്ചിരുന്നത്. വഴിയരികിലെ കിണറിന് സമീപത്തായാണ് ഓട്ടോനിര്‍ത്തിയിരുന്നത്. മുഹമ്മദ് കൃത്യം നടത്തിയ ശേഷം കിണറ്റില്‍ ചാടി ജീവനൊടുക്കിയതാണോ അതോ സ്വന്തം ദേഹത്തേക്ക് തീപടര്‍ന്നപ്പോള്‍ കിണറ്റിലേക്ക് ചാടിയതാണോ എന്ന് വ്യക്തമല്ല

സ്‌ഫോടക വസ്തുക്കള്‍ ഓട്ടോയില്‍ ഉണ്ടായിരുന്നതാണ് തീ അണയ്ക്കുന്നതിന് താമസം നേരിട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉള്‍പ്രദേശമായിരുന്നെങ്കിലും സ്‌ഫോടനം ശബ്ദം കേട്ട ഉടന്‍ നാട്ടുകാര്‍ ഇങ്ങോട്ടേക്ക് ഓടിയെത്തി. തീ ആളിപടരുന്ന ദൃശ്യമാണ് കണ്ടത്.

നാട്ടുകാര്‍ക്ക് നിസ്സഹായരായി നോക്കി നില്‍ക്കാനെ സാധിച്ചിരുന്നുള്ളൂ. ഓട്ടോ കത്തി ചാമ്ബലായി. ഇതിനിടെ പുറത്തേക്ക് വീണെന്ന് കരുതുന്ന അഞ്ചുവയസുകാരിയുമായി നാട്ടുകാര്‍ ആശുപത്രിയിലേക്ക് ഓടി. ഈ കുട്ടിയുടെ അവസ്ഥ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ജാസ്മിന്റേയും സഫയുടേയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് നാട്ടുകാര്‍ കണ്ടെടുത്തത്. സംഭവത്തെ കുറിച്ച്‌ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് പരിശോധന നടത്തി വരികയാണ്.

പൊള്ളലേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അഞ്ച് വയസ്സുകാരി ഷിഫാനയുടെ ആരോഗ്യ നില അതീവ ഗുരുതരമാണ്‌. 75 ശതമാനം മുതല്‍ 80 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. കുട്ടി പീഡിയാട്രിക് സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലാണ്. അയല്‍വാസികളാണ് കുട്ടിയെ ആംബുലന്‍സില്‍ മഞ്ചേരിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *