വേനൽക്കാലം നമ്മുടെ നാട്ടിൽ കനത്തുതുടങ്ങിയിരിക്കുകയാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനും നിർജലീകരണം ഒഴിവാക്കാനും പലരും തേടുന്ന പരിഹാരമാർഗം പഴങ്ങളാണ്. ഇതിൽ മുൻപന്തിയിലാണ് തണ്ണിമത്തൻ. പോഷകങ്ങൾ ധാരാളമായി അടങ്ങിയ തണ്ണിമത്തൻ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന കാര്യത്തിൽ സംശയമേതുമില്ല.
തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അതിന്റെ പോഷകഗുണങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യത അധികമാണ്. സാധാരണതാപനിലയിൽ സൂക്ഷിച്ച തണ്ണിമത്തനിൽ ഫ്രിഡ്ജിൽ വെച്ചതിനേക്കാൾ അധികമായി പോഷകങ്ങൾ കണ്ടെത്താൻ കഴിഞ്ഞുവെന്ന് ജേണൽ ഓഫ് അഗ്രിക്കൾച്ചറൽ ആൻജ് ഫുഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചറിന്റെ കീഴിലുള്ള സൗത്ത് സെൻട്രൽ അഗ്രിക്കൾച്ചറൽ റിസേർച്ച് ലാബോറട്ടറി വിവിധതരത്തിലുള്ള തണ്ണിമത്തനിൽ 14 വർഷത്തോളം പഠനം നടത്തുകയുണ്ടായി.
70 ഡിഗ്രി ഫാരൻഹീറ്റ്, 55 ഡിഗ്രി ഫാരൻ ഹീറ്റ്, 41 ഡിഗ്രി ഫാരൻഹീറ്റ് എന്നിങ്ങനെ വ്യത്യസ്ത താപനിലയിൽ തണ്ണിമത്തൻ സൂക്ഷിച്ചു. അതിനുശേഷം പഠനം നടത്തിയപ്പോൾ പുതിയതായി പറിച്ചെടുത്ത തണ്ണിമത്തനിലും ഫ്രിഡ്ജിൽ സൂക്ഷിച്ച തണ്ണിമത്തനിലും 70 ഡിഗ്രി ഫാരൻഹീറ്റിൽ സൂക്ഷിച്ച തണ്ണിമത്തനേക്കാൾ പോഷകങ്ങൾ കുറവാണെന്ന് കണ്ടെത്തി.
പറിച്ചെടുത്തശേഷവും തണ്ണിമത്തൻ കുറച്ച് പോഷകങ്ങൾ ഉത്പാദിപ്പിക്കുന്നതായി അവർ കണ്ടെത്തി. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ വീണ്ടും പോഷകങ്ങൾ നഷ്ടപ്പെടും. മാത്രമല്ല ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഒരാഴ്ച കഴിയുമ്പോഴേക്കും തണ്ണിമത്തൻ ചീഞ്ഞ് തുടങ്ങും. സാധാരണ താപനിലയിൽ 14 ദിവസം മുതൽ 21 ദിവസം വരെ തണ്ണിമത്തൻ കേടാകാതെ ഇരിക്കും.