ഓമശ്ശേരി : ഇന്നലെ വൈകീട്ട് ഉണ്ടായ കനത്ത കാറ്റിലും മഴയിലും ഓമശ്ശേരിയിൽ വ്യാപകനാശം. വൈകീട്ട് നാലുമണിയോടെ ആരംഭിച്ച മഴ ഒന്നരമണിക്കൂർ നീണ്ടുനിന്നു. ശക്തമായ കാറ്റിൽ വിവിധ ഇടങ്ങളിൽ മരങ്ങൾ കടപുഴകിവീണു. വൈദ്യുതത്തൂണുകളും കമ്പികളും തകർന്നു.

പുത്തൂർ നഗളികാവിൽ തെങ്ങുവീണ് ചക്കുംകണ്ടി ശാരദയുടെ വീട് പൂർണമായും തകർന്നു. താഴെ ഓമശ്ശേരിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാറിന്റെ മുകളിൽ മരം വീണതിനെത്തുടർന്ന് കാറിന്റെ മുൻവശം പൂർണമായും തകർന്നു. ആളപായമില്ല.ഓമശ്ശേരിയിൽ വിവിധ ഇടങ്ങളിൽ വൈദ്യുതിബന്ധം നിലച്ചു. നൂലങ്ങൽ വട്ടക്കണ്ടി റോഡിൽ തെങ്ങ് കടപുഴകിവീണ് വൈദ്യുതത്തൂൺ തകർന്നു. ഓമശ്ശേരി നങ്ങാച്ചി കുന്നുമ്മൽ ഗുഡ്‌സ് ഓട്ടോയുടെ മുകളിൽ മരംവീണു.

മുക്കം നഗരസഭയിലെ നടുകിൽ, ഇരട്ടക്കുളങ്ങര ഭാഗത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഇരട്ടക്കുളങ്ങര ശാരദ, ചെറുവോട്ട് കുന്നത്ത് മുഹമ്മദ് എന്നിവർ കൃഷിചെയ്ത നാന്നൂറോളം വാഴകൾ കാറ്റിൽ നിലം പൊത്തി. കുലയ്ക്കാറായ വാഴകളാണ് നശിച്ചത്. അമ്പലക്കണ്ടി ചേറ്റൂർ വയലിലാണ് കൃഷിയൊരുക്കിയിരുന്നത്.

അമ്പലക്കണ്ടിയിലും നടുകിലും മരങ്ങൾ കടപുഴകിവീണ് വലിയ നാശനഷ്ടമാണുണ്ടായത്. നടുകിൽ വാഴക്കുളങ്ങര ഷംസുദ്ദീന്റെയും പയറ്റൂളി ജാനകിയമ്മയുടെയും പറമ്പിലെ തെങ്ങുകൾ മുറിഞ്ഞുവീണു. പലയിടത്തും മരങ്ങൾ കടപുഴകി വീണ് മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *