ചരിത്രത്തിലാദ്യമായാണ് ചെറുനാരങ്ങ വില 200 രൂപയിൽ കൂടുന്നത്

നോമ്പുകാലത്ത് സാധാരണയായി ചെറുനാരങ്ങയ്ക്ക് (Lemon) ആവശ്യക്കാരെയാണ്. റംസാൻ മാസത്തിൽ ചെറുനാരങ്ങ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്ന് തന്നെയായി മാറും. പലഹാരങ്ങൾക്ക് കൂട്ട് ചേർക്കാനും ബിരിയാണിക്ക് (Biriyani) ദം ഇടുന്നതിനു മുൻപ്  പിഴിഞ്ഞ് ചേർക്കാനും ദാഹത്തിന്‌ നല്ല സർബത്ത് ഉണ്ടാക്കാനുമെല്ലാം ചെറുനാരങ്ങ കൂടിയേ തീരൂ. എന്നാൽ നിലവിൽ ചെറുനാരങ്ങ വാങ്ങിക്കണമെങ്കിൽ സാധാരണക്കാരന് ലോൺ എടുക്കേണ്ട അവസ്ഥയാണ്. 40 രൂപ നൽകിയാൽ ഒരു കിലോ ചെറുനാരങ്ങ കിട്ടിക്കൊണ്ടിരുന്ന അവസ്ഥയിൽ നിന്നും ഇപ്പോൾ 20 രൂപയ്ക്ക് ഒരു ചെറുനാരങ്ങാ കിട്ടുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ചെറുനാരങ്ങ വില (Lemon price) 200 രൂപയിൽ കൂടുന്നത്. പല സംസ്ഥാനങ്ങളിലും വില 300 കടക്കുകയും ചെയ്തു. വേനൽ കാലത്ത് പൊതുവെ ചെറുനാരങ്ങയുടെ വില വർധിക്കാറുണ്ടെങ്കിലും ഇത്രയും വലിയൊരു കത്തികയറൽ ഇതാദ്യമായാണ്.  

ശരീരത്തിൽ ജലാംശം നിലനിർത്താൻ ചെറുനാരങ്ങയ്ക്ക് സാധിക്കും. അതിനാൽ തന്നെ ചൂട് കാലത്ത് ചെറുനാരങ്ങയ്ക്ക് ആവശ്യക്കാരെയാണ്. ഏപ്രിൽ, മെയ് മാസത്തിൽ നാരങ്ങാവെള്ളം മിക്ക വീടുകളിലെയും സ്ഥിരം ഐറ്റമാണ്. ഉഷ്ണകാലത്ത് വർധിച്ച ഉപഭോഗവും അതേസമയം ലഭ്യത കുറവുമാണ് ചെറുനാരങ്ങയുടെ വില കുതിച്ചുയരാനുള്ള കാരണം. തമിഴ്‌നാട്ടിൽ നിന്നും മറ്റു പച്ചക്കറികൾക്കൊപ്പം തന്നെ ചെറുനാരങ്ങയും വേനൽകാലത്ത് കേരള വിപണിയെ കൈയടക്കാൻ എത്താറുണ്ട്. സാധാരണയായി തമിഴ്‌നാട്ടിലെ പുളിയൻകുടി, മധുര, രാജമുടി എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് നാരങ്ങ എത്തുന്നത്. എന്നാൽ വിളവെടുപ്പ് മോശമായതിനൊപ്പം തമിഴ്‌നാട്ടിലെ ഉത്സവങ്ങളും മലയാളിക്ക് പണി തന്നു. ചെറുനാരങ്ങ കൊണ്ടുള്ള മാലകൾ തമിഴ് ജനതയുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അതുകൊണ്ട്തന്നെ ഉത്സവ സീസൺ ആയതിനാൽ തമിഴ്‌നാട്ടിൽ ചെറുനാരങ്ങയ്ക്ക് വമ്പിച്ച ഡിമാൻഡാണ്. ഇതോടെ ചെറുനാരങ്ങയ്ക്ക് തൊട്ടാൽപൊള്ളുന്ന വിലയുമായി. 
 
ചെറുനാരങ്ങ ഉപയോഗിച്ച് കച്ചവടം നടത്തുന്ന എല്ലാ കച്ചവടക്കാർക്കും ഇത് പ്രതിസന്ധിയുടെ കാലമാണ്. ബിരിയാണിക്കും നെയ്‌ച്ചോറിനുമൊപ്പം അനിഷേധ്യ വിഭവമാണല്ലോ അച്ചാർ. റംസാൻ മാസമായതിനാൽ അച്ചാർ വിപണി സജീവമാകും. ചെറുനാരങ്ങ അച്ചാറുകൾ നിർമ്മിക്കുന്ന വ്യാപാരികൾ  കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സമയങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞു പോകുന്ന ഒന്നായിരുന്നു ചെറുനാരങ്ങ അച്ചാർ (pickle). എന്നാൽ ചെറുനാരങ്ങയ്ക്ക് തൊട്ടാൽ പൊള്ളുന്ന വിലയായതോടുകൂടി അച്ചാർ നിർമാണം പ്രതിസന്ധിയിലായി എന്ന് കോഴിക്കോട് കുറ്റിക്കാട്ടൂരിൽ അച്ചാർ വ്യവസായം നടത്തുന്ന ടി എം മുസ്തഫ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. വിലകൂട്ടിക്കഴിഞ്ഞാൽ ഡിമാൻഡ് കുറയും. ചെറുനാരങ്ങയുടെ വില കൂടിയതിനാൽ പഴയ വിലയ്ക്ക് വിൽക്കാനും കഴിയില്ല, ഇത് വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ആദായം ലഭിക്കുന്ന സീസൺ ആയിരുന്നു ഈ നോമ്പ് കാലം. എന്നാൽ വിലകൂട്ടിയാൽ പോലും നിലവിൽ ആദായം ലഭിക്കത്ത അവസ്ഥയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു 

നാരങ്ങയുടെ വില കൂടിയതോടെ ജ്യൂസ് കടകൾ നടത്തുന്ന കച്ചവടക്കാരും പ്രതിസന്ധിയിലാണ്. 10 രൂപയ്ക്ക് കൊടുത്തുകൊണ്ടിരുന്ന നാരങ്ങാവെള്ളത്തിന് പല കച്ചവടക്കാരും 20 രൂപയാക്കി കഴിഞ്ഞു. എന്നാൽ വില കുറയുമെന്ന് ശുഭ പ്രതീക്ഷയിൽ ചില കച്ചവടക്കാർ ഇപ്പോഴും 10 രൂപയ്ക്ക് തന്നെയാണ് നാരങ്ങാവെള്ളം നൽകികൊണ്ടിരിക്കുന്നത്. “സ്ഥിരമായി എത്തുന്ന ചില കസ്റ്റമേഴ്സ് ഉണ്ട്. ഒറ്റയടിക്ക് വില വർധിപ്പിച്ചാൽ അവരെയെല്ലാം നഷ്ടമാകും. പിന്നീട വില കുറയുമ്പോൾ ഒരു പക്ഷെ ഇവർ തിരികെ എത്തണമെന്നുമില്ല അതിനാൽ നഷ്ടം സഹിച്ചും ശുഭ പ്രതീക്ഷ പുലർത്തികൊണ്ട് വില കൂട്ടാതെ വ്യാപാരം തുടരുകയാണ്” എന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു പുറകിൽ ജ്യൂസ് കട നടത്തുന്ന ജനാർദ്ദനൻ  ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. നാരങ്ങാ വെള്ളം കുടിക്കാൻ എത്തുന്നവർ പലപ്പോഴും നാരങ്ങയ്ക്ക് വില കൂടിയോ കുറഞ്ഞോ എന്ന് അന്വേഷിക്കാറില്ല. പത്തുരൂപയ്ക്ക് നൽകുന്ന നാരങ്ങാവെള്ളത്തിന് വിലകൂട്ടിയാൽ സ്ഥിരമായി എത്തുന്ന കസ്റ്റമേഴ്സിന്റെ വലിയൊരു കൊഴിഞ്ഞുപോക്ക് നേരിടേണ്ടി വരും ഇത് ഭാവിയിലെ കച്ചവടത്തെ ബാധിക്കും അതിനാൽ നിലവിലെ നഷ്ടം സഹിച്ചാണ് കച്ചവടം തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുൻപ് ചെറുനാരങ്ങ കിലോയ്ക്ക് 40 രൂപ മുതൽ 60 രൂപ വരെയായിരുന്നു  തിരുവനന്തപുരം ചാല മാ‍ർക്കറ്റിലെ മൊത്ത വ്യാപാര വില. എന്നാൽ നിലവിൽ 200  രൂപ വരെ കിലോഗ്രാമിന് ഈടാക്കിയാണ് ചെറുനാരങ്ങയുടെ മൊത്ത വ്യാപാരം നടക്കുന്നത്. ചില്ലറ വില്പന നടക്കുന്നത് 200 രൂപയ്ക്ക് മുകളിലാണ്‌. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വിളവെടുപ്പ് പരാജയപ്പെട്ടതാണ് ചെറുനാരങ്ങാ വില ഉയരാനുള്ള പ്രധാന കാരണം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ രാജ്യത്തുടനീളം കനത്ത മഴയാണ് ലഭിച്ചത്. പൊതുവെ നാരങ്ങത്തോട്ടങ്ങൾക്ക് അധിക ഈർപ്പം പ്രശ്‌നമാണ്. ഈർപ്പം നിലനിന്നതോടെ മരങ്ങൾ പൂവിടുന്നതിൽ ഗണ്യമായ കുറവ് വന്നു. ഇത് വിളവെടുപ്പ് മോശമാക്കി. ഫെബ്രുവരി അവസാനം ചൂട് കൂടിയതും തിരിച്ചടിയായി. ഇത് വേനൽക്കാലത്തെ വിപണിയിൽ ചെറുനാരങ്ങ വില കുത്തനെ ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *