മക്ക: സഊദി ഹജ്ജ് മന്ത്രാലയം തീര്‍ഥാടകരുടെ ക്വാട്ട അംഗീകരിച്ചു. ഏറ്റവും കൂടുതല്‍ മുസ്‌ലിം രാജ്യമായ ഇന്തോനേഷ്യയിലാണ് ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ ഉള്ളത്.മന്ത്രാലയം ഇന്തോനേഷ്യയ്ക്ക് 100,051 ക്വാട്ട അനുവദിച്ചപ്പോള്‍ 81,132 തീര്‍ഥാടകരുമായി പാക്കിസ്ഥാന് രണ്ടാം സ്ഥാനവും 79,237 തീര്‍ഥാടകരുമായി ഇന്ത്യ മൂന്നാം സ്ഥാനവും നേടി. 57,585 ക്വാട്ട നേടി ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെ അയയ്‌ക്കുന്ന നാലാമത്തെ വലിയ രാജ്യമാണ് ബംഗ്ലാദേശ്.
ഏറ്റവും കുറവ് തീര്‍ഥാടകര്‍ ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ നിന്നാണ്. 23 പേര്‍ മാത്രമുള്ള അംഗോളയാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. അറബ് രാജ്യങ്ങളില്‍ 35,375 തീര്‍ഥാടകരുമായി ഈജിപ്ത് ഒന്നാമതാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും ഹാജിമാരെ അയക്കുക നൈജീരിയായാണ്. 43,008 ഹാജിമാരെയാണ് നൈജീരിയയില്‍ നിന്ന് എത്തുക. ഇറാനില്‍ നിന്ന് 38,481 ഹാജിമാരും തുര്‍ക്കിയില്‍ നിന്ന് 37,770 ഹാജിമാര്‍ക്കും അനുമതി നല്‍കി.
അമേരിക്കയ്ക്ക് അനുവദിച്ച ക്വാട്ട 9504 ആണ്, റഷ്യ 11318, ചൈന 9190, തായ്‌ലന്‍ഡ് 5885, ഉക്രെയ്ന്‍ 91 എന്നിങ്ങനെയാണ് ക്വാട്ട. ഈ വര്‍ഷം ഹജ്ജ് ചെയ്യാന്‍ അനുവദിക്കുന്ന ഒരു ദശലക്ഷം തീര്‍ഥാടകരില്‍ 85 ശതമാനവും വിദേശ തീര്‍ഥാടകരാണെന്ന് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൊത്തം 850,000 വിദേശ തീര്‍ഥാടകരെ ഹജ്ജ് ചെയ്യാന്‍ അനുവദിക്കും, ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം 150,000 ആയി പരിമിതപ്പെടുത്തി. കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്ബ് ഓരോ രാജ്യത്തിനും അനുവദിച്ചിരുന്ന തീര്‍ഥാടകരുടെ യഥാര്‍ത്ഥ ക്വാട്ടയുടെ 45.2 ശതമാനം മാത്രമാണ് മൊത്തം 850,000 വിദേശ തീര്‍ഥാടകരുടെ എണ്ണം.
ഈ വര്‍ഷത്തെ ഹജ്ജിന് വിദേശ തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് മന്ത്രാലയം ചില നിബന്ധനകളും വ്യവസ്ഥകളും നിശ്ചയിച്ചിട്ടുണ്ട്. 65 വയസ്സിന് മുകളിലുള്ള തീര്‍ഥാടകരെ അനുവദിക്കരുത്, തീര്‍ഥാടകര്‍ രണ്ട് ഡോസ് കൊറോണ വൈറസ് വാക്സിന്‍ എടുക്കണം.