കണ്ണൂര്‍: തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നവര്‍ക്ക് നേരെ കല്ലെറിയുന്ന 46 കാരന്‍ പിടിയില്‍. എതിര്‍ദിശയില്‍നിന്ന് ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്താല്‍ അതിന് നേരെ കല്ലെറിയുന്ന ഷംസീര്‍ എന്നയാളെയാണ് കണ്ണൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഏഴോളം പരാതികളാണ് ഇയാള്‍ക്കെതിരെ ലഭിച്ചിരിക്കുന്നത്. ബൈക്കിന്റെ മുന്നിലെ ബാഗില്‍ ഇയാള്‍ കല്ലുകള്‍ സൂക്ഷിച്ചിരിക്കും. ആംബുലന്‍സിന്റേതടക്കം ചില്ലുകള്‍ ഇയാള്‍ എറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. ചാല ഈസ്റ്റ് പൊതുവാച്ചേരി സ്വദേശിയാണ് ഷംസീര്‍. വ്യാഴാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതിന് ശേഷമാണ് അറസ്റ്റ്. ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. മത്സ്യവില്‍പ്പനക്കാരനാണ് ഇയാള്‍. തന്റെ വാഹനത്തിന് മുന്നിലേക്ക് ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്ത് വന്നാല്‍ കല്ലെറിയും എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. തസ്ലീം എന്നയാള്‍ സഞ്ചരിച്ച കാറിനുനേരേയുണ്ടായ കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. ഇതോടെ ഇയാള്‍ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി.
സിസിടിവി പരിശോധിച്ച പൊലീസ് ഷംസീര്‍ സഞ്ചരിച്ച ബൈക്ക് തിരിച്ചറിഞ്ഞു. താഴെചൊവ്വ-കീഴ്ത്തള്ളി ബൈപ്പാസില്‍വെച്ച് ഇയാള്‍ കല്ലെറിഞ്ഞതോടെ കണ്ണൂര്‍ എ.കെ.ജി., ചാല മിംസ് ആസ്പത്രികളുടെ ആംബുലന്‍സുകള്‍ക്ക് കേടുപറ്റി. ഇയാള്‍ക്കെതിരെ ഏഴ് പരാതികള്‍ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. അതേസമയം മുന്‍വൈരാഗ്യമോ പ്രകോപനമോ ഇല്ലാതെയുള്ള ഇത്തരത്തിലുള്ള ആക്രമണം മാനസ്സികാരോഗ്യപ്രശ്നമാകാമെന്നാണ് വിദഗ്ധാഭിപ്രായം. അതിനാല്‍ ഇയാളുടെ മാനസ്സികാരോഗ്യം പരിശോധിക്കണമെന്നും മാനസ്സികാരോഗ്യവിദഗ്ധര് അഭിപ്രായപ്പെടുന്നു.