ന്യൂഡൽഹി: വോഡഫോൺ ഐഡിയയ്ക്കും (വി), ഭാരതി എയർടെലിനും ബാങ്ക് ഗാരന്റി തിരികെ നൽകിയെന്ന് സ്ഥിരീകരിച്ച് ടെലികോം വകുപ്പ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഏകദേശം 15,000 കോടി രൂപ വോഡഫോൺ ഐഡിയയ്ക്കും 7000-8000 കോടി രൂപ എയർടെലിനും തിരികെ നൽകിയിട്ടുണ്ട്.
മുമ്പ് നടന്ന സ്പെക്ട്രം ലേലങ്ങളിലെ കുടിശികയിൽ കമ്പനികൾ നാല് വർഷത്തെ മൊറട്ടോറിയം തിരഞ്ഞെടുത്തതിനെ തുടർന്നാണ് ബാങ്ക് ഗാരന്റി തിരികെ നൽകിയത്.
വലിയ സാമ്പത്തിക ഞെരുക്കം നേരിടുന്ന വോഡഫോൺ ഐഡിയയെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ് ഈ നീക്കം. ജിയോയുമായും എയർടെലുമായി മത്സരിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടിയും മറ്റ് വികസന ആവശ്യങ്ങൾക്ക് വേണ്ടിയും ഈ പണം പ്രയോജനപ്പെടുത്താൻ കമ്പനിയ്ക്കാവും. അടുത്തിടെ പ്രമോട്ടർ സ്ഥാപനങ്ങൾ വഴി വോഡഫോൺ ഐഡിയ ഫണ്ട് സമാഹരണംനടത്തിയിരുന്നു. ഇത് കൂടാതെ പുറത്തുനിന്നുള്ള നിക്ഷേപകരിൽനിന്നു 10,000 കോടി സമാഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. വിയേക്കാൾ ഭേദമാണെങ്കിലും എയർടെലിന്റെയും സാഹചര്യവും ഇതുതന്നെയാണ്.
ബാങ്ക് ഗാരന്റി തിരികെ നൽകിയെങ്കിലും അടുത്ത പെയ്മെന്റ് തീയ്യതിക്ക് 13 മാസം മുമ്പ് കമ്പനികൾ അവ പുതുക്കി നൽകേണ്ടിവരും. എങ്കിലും അതിന് ഇനിയുമേറെ സമയമുണ്ട്. 5ജി ലേലവും താമസിയാതെ നടക്കാൻ പോവുകയാണ്. അതുകൊണ്ടു തന്നെ ലേലത്തിന് ആവശ്യമായ തുക കണ്ടെത്താനും തിരികെ ലഭിച്ച ബാങ്ക് ഗാരന്റികൾ കമ്പനികളെ സഹായിക്കും.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏറെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന രണ്ട് സ്ഥാപനങ്ങളാണ് എയർടെലും വോഡഫോൺ ഐഡിയയും, നഷ്ടത്തിലേക്ക് കൂപ്പു കുത്തിയ സാഹചര്യത്തിലാണ് അന്നുവരെ രണ്ട് കമ്പനികളായിരുന്ന വോഡഫോണും ഐഡിയയും തമ്മിൽ ലയിച്ച് ഒറ്റ കമ്പനിയായി മാറിയത്.
സത്യവാങ്മൂലത്തിൽ ഇക്കാര്യം വ്യക്തമാക്കിയെങ്കിലും ടെലികോം വകുപ്പ് അധികൃതർ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.