NADAMMELPOYIL NEWS
APRIL 01/22

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചകേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്തിന്റെ ഒറിജിനല്‍ അന്വേഷണം സംഘം കണ്ടെടുത്തായി സൂചന.കേസില്‍ ഇത് നിര്‍ണ്ണായകമായി മാറുമെന്നാണ് വിവരം.കത്തിന്റെ ആധികാരികത ഉറപ്പാക്കുന്നതിനായി പള്‍സര്‍ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചു.കത്തിലെ കൈയ്യക്ഷരം സുനിയുടെ തന്നെയാണോയെന്ന് സ്ഥിരീകരിക്കുന്നതിനായിട്ടാണ് സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിള്‍ ശേഖരിച്ചത്.ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.സുനയുടെ സഹതടവുകാരനായ കുന്ദംകുളം സ്വദേശിയുടെ വീട്ടില്‍ നിന്നാണ് കത്ത് കണ്ടെടുത്തതെന്നാണ് വിവരം.
2018 മെയ് ഏഴിന്ാണ് സുനി ജയിലില്‍ നിന്നും ദിലീപിന് കത്തെഴുതിയതെന്ന് പറയുന്നു.നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസില്‍ അന്വേഷണം സംഘം തുടരന്വേഷണം നടത്തി വരികയാണ്.നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി,നടിയെ ആക്രമിച്ച പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടും എന്നിങ്ങനെയായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതേ തുടര്‍ന്ന് കേസില്‍ കോടതിയുടെ അനുമതിയോടെ അന്വേഷണ സംഘം തുടരന്വേഷണം ആരംഭിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് ആറു പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ദിലീപിന്റെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ് അടക്കമുള്ളവരാണ് കേസിലെ മറ്റു പ്രതികള്‍.കേസില്‍ ഇവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയാക്കി കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസം ക്രൈംബ്രാഞ്ച് ദിലീപിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *