NADAMMELPOYIL NEWS
APRIL 01/22

കോഴിക്കോട്: ഐ.എന്‍.എല്‍ കാസിം വിഭാഗം പ്രസിഡന്റായി മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ തെരഞ്ഞെടുത്തു. ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഡോ. എ.എ അമീന്‍, എം.എം മഹീന്‍, മൊയ്തീന്‍കുഞ്ഞി കളനാട്, സലാം കുരിക്കള്‍ (വൈസ് പ്രസിഡന്റുമാര്‍), കാസിം ഇരിക്കൂര്‍ (ജന. സെക്രട്ടറി), എം.എ ലത്തീഫ്, എം.എം സുലൈമാന്‍, ഒ.ഒ ശംസു, അഷ്‌റഫലി വല്ലാഞ്ചിറ (ജോ.സെക്രട്ടറിമാര്‍), ബി. ഹംസ ഹാജി (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഏഴു സെക്രട്ടേറിയറ്റ് അംഗങ്ങളെയും 12 അംഗ പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു. അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഐ.എന്‍.എല്‍ ഒന്നു മാത്രമേയുള്ളൂവെന്നും പാര്‍ട്ടിയെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന എം.എല്‍.എ താനാണെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സംസ്ഥാന സമ്മേളനം ഡിസംബറില്‍ നടക്കും. കഴിഞ്ഞ തവണത്തേക്കാള്‍ പതിന്മടങ്ങ് മെംബര്‍ഷിപ്പ് വര്‍ധിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തോളം അംഗത്വ അപേക്ഷകള്‍ പുതുതായി ലഭിച്ചിട്ടുണ്ടെന്നും ഇവയുടെ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ആറു മാസക്കാലം സ്‌പെഷല്‍ കാംപയിന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വഹാബ് വിഭാഗം ബുധനാഴ്ച സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *