NADAMMELPOYIL NEWS
MARCH 31/22
കൊടുവള്ളി: റസിഡൻഷ്യൽ ഐ.ടി.ഐക്ക് സ്ഥലമെടുപ്പ് പൂർത്തിയായി. ഒരു ഏക്കർ 10 സെൻറാണ് നഗരസഭ കളരാന്തിരി പട്ടിണിക്കരയിൽ എറ്റെടുത്തത്. രജിസ്ട്രേഷൻ ബുധനാഴ്ച നടന്നു. നഗരസഭ ചെയർമാൻ വെള്ളറ അബ്ദുവും വൈസ് ചെയർപേഴ്സൻ കെ.എം. സുശിനിയുമാണ് സ്ഥലം ഏറ്റെടുക്കൽ രേഖകളിൽ ഒപ്പ് വെച്ചത്. നഗരസഭ സെക്രട്ടറി ഇൻ ചാർജ് പി. സുജിത്ത്, സി.പി. ഫൈസൽ എന്നിവർ സംബന്ധിച്ചു.
നഗരസഭ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം വകയിരുത്തിയിരുന്നു. ഒരുവർഷം മുമ്പ് വില നിർണയിക്കാൻ റവന്യൂ അധികൃതരെ സമീപിച്ചെങ്കിലും തുച്ഛമായ വിലയിട്ട് പദ്ധതി നടപ്പാക്കാതിരിക്കാനുള്ള വഴിയൊരുക്കിയെങ്കിലും നഗരസഭ അധ്യക്ഷൻതന്നെ ഉദ്യോഗസ്ഥനടപടിക്കെതിരെ രംഗത്തുവരുകയുണ്ടായി. പിന്നീട് ജില്ല കലക്ടറെ സമീപിക്കുകയും കലക്ടർ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ചെയ്തു. പ്രദേശത്തെ താമസക്കാരിൽനിന്ന് സ്ഥലത്തിന്റെ ശരിയായ വില എഴുതിവാങ്ങി വില നിർണയിച്ചാണ് രജിസ്ട്രേഷൻ സാധ്യമാക്കിയത്.
2016ൽ യു.ഡി.എഫ് സർക്കാറാണ് കൊടുവള്ളിയിൽ ഐ.ടി.ഐ അനുവദിച്ചത്. ഒരുവർഷത്തിനകം സ്ഥലം വാങ്ങി കെട്ടിടം പണിയാനുള്ള സംവിധാനം ഒരുക്കിനൽകാമെന്ന ഉറപ്പിനെ തുടർന്ന് വാടക കെട്ടിടത്തിൽ സ്ഥാപനം പ്രവർത്തിച്ച് തുടങ്ങുകയായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ നടപടിയില്ലാത്തതിനെ തുടർന്ന് ഐ.ടി.ഐ കൊടുവള്ളിക്ക് നഷ്ടമാകുന്നത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഇതോടെയാണ് വിഷയത്തിൽ നഗരസഭയും വിവിധ സംഘടനകളും സ്ഥലമെടുപ്പുമായി രംഗത്തുവരുകയും നടപടികൾ പൂർത്തീകരിക്കുകയും ചെയ്തത്. ഐ.ടി.ഐക്കുവേണ്ടി കലാലയം സ്ഥാപിക്കാൻ കളരാന്തിരിയിൽ സ്ഥലം ഏറ്റെടുത്തുനൽകാൻ സേവ് കൊടുവള്ളിയുടെ ശ്രമങ്ങൾ ഫലംകണ്ടതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സേവ് കൊടുവള്ളിയുടെ നിരന്തര ഇടപെടലിന്റെയും പ്രവർത്തനത്തിന്റെയും ഫലമായി ഐ.ടി.ഐ പ്രവർത്തിക്കുന്ന കെട്ടിടത്തിന് 60,000 രൂപ വാടകയിൽനിന്ന് 24,000 രൂപ വാടക ആക്കി കുറക്കാനും കഴിഞ്ഞിട്ടുണ്ട്.
ഐ.ടി.ഐക്ക് സ്ഥലമെടുപ്പ് സാധ്യമാക്കിയവരെ അനുമോദിക്കുന്ന ചടങ്ങും പൊതുയോഗവും കൊടുവള്ളിയിൽ ഏപ്രിൽ ആദ്യവാരത്തിൽ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ സേവ് ചെയർമാൻ സി.പി. ഫൈസൽ, എൻ.വി. നൂർ മുഹമ്മദ്, പി.സി. ജമാൽ, സി.ടി. കാദർ, എം.പി.എ. ഖാദർ, ഒ.കെ. നജീബ് തുടങ്ങിയവർ പങ്കെടുത്തു.