NADAMMELPOYIL NEWS
MARCH 30/22
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ച സായി ശങ്കറിന്റെ സുഹൃത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കോഴിക്കോട് സ്വദേശിയായ അഖിലിനെയാണ് ചോദ്യം ചെയ്യുന്നത്.
ഒളിവില്‍ പോയ സായി ശങ്കറിനെ കണ്ടെത്താനായാണ് അഖിലിനെ ചോദ്യം ചെയ്യുന്നതെന്നും സായി ശങ്കറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നത് അഖിലിനായത് കൊണ്ടാണ് ചോദ്യം ചെയ്യുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു
അതേസമയം, നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ക്വട്ടേഷന്‍ നല്‍കിയെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ബൈജു പൗലോസ് സഞ്ചരിച്ച കാര്‍ അപകടപ്പെടുത്താനായിരുന്നു ക്വട്ടേഷന്‍. ക്വട്ടേഷന്‍ ഏകോപിപ്പിച്ചത് ശരത്താണ്. 2017 നവംബര്‍ 15 ന് കൃത്രിമ അപകടം സൃഷ്ടിക്കാനായിരുന്നു പദ്ധതി. ബെംഗളൂരുവലെ ക്വട്ടേഷന്‍ സംഘത്തിന് ബൈജു പൗലോസ് സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പര്‍ കൈമാറിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ദിലീപിന്റെ ഡ്രൈവറായിരുന്ന അപ്പുണ്ണിയാണ് ക്വട്ടേഷന്‍ സംഘത്തിന് വാഹനത്തിന്റെ നമ്പര്‍ കൈമാറിയതായും അന്വേഷണ സംഘം പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യാനാണ് സാധ്യത. ശരത്തിനേയും സൂരജിനേയും ദിലീപിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്.
വധഗൂഡാലോചന കേസില്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയാണെന്നും ചാറ്റുകള്‍ നശിപ്പിക്കാന്‍ ആരേയും താന്‍ ഏര്‍പ്പാടാക്കിയിട്ടില്ലെന്നും ചോദ്യം ചെയ്യലില്‍ ദിലീപ് ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു.