NADAMMELPOYIL NEWS
MARCH 29/22

തിരുവനന്തപുരം: കേരള പോലീസ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെയ്‌ക്കുന്ന വിവരങ്ങൾക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. സംസ്ഥാന വ്യാപകമായി നടക്കുന്ന തട്ടിപ്പുകളെ കുറിച്ചും അത് തടയാനുള്ള മാർഗങ്ങളുമാണ് പ്രധാനമായും കേരള പോലീസ് പങ്കുവെയ്‌ക്കുന്നത്. അതിൽ ചില വീഡിയോകൾ ട്രോൾ രൂപത്തിലാക്കി അതിന്റെ ആശയം ആളുകൾക്ക് വ്യക്തമാക്കി നൽകാനും കേരള പോലീസ് ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ തട്ടിപ്പിന്റെ പുതിയ രീതിയെക്കുറിച്ച് പോലീസ് പങ്കുവെച്ച ഒരു പോസ്റ്റാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

‘പ്ളേ സ്റ്റോർ, ആപ്പ് സ്റ്റോർ വഴി മാത്രം മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. അനാവശ്യ ലിങ്കുകൾ ക്ലിക് ചെയ്തോ സെർച്ച് എൻജിനുകൾ വഴിയോ ആപ്പുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക. സ്‌ക്രീൻ ഷെയർ ചെയ്യാൻ ഉപയോഗിക്കുന്ന ആപ്പുകൾ വഴിയാണ് തട്ടിപ്പുകാർ അധികവും പണം തട്ടുന്നത്. ഒരു കാരണവശാലും അജ്ഞാതരുടെ ആവശ്യപ്രകാരം ഏതെങ്കിലും ആപ്പുകളോ എസ്.എം.എസ് ഫോർവേഡിങ് ആപ്പുകളോ ഡൗൺലോഡ് ചെയ്യരുത്’ എന്ന അടിക്കുറിപ്പോടെയാണ് കേരള പോലീസ് ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സാധാരണ നാം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നത് ആൻഡ്രോയിഡിന്റെ പ്‌ളേ സ്റ്റോർ വഴിയോ ഐഫോണിലെ ആപ്പ് സ്റ്റോർ വഴിയോ അതുമല്ലെങ്കിൽ ഫോണിലെ ഇൻ-ബിൽഡ് ആപ്പ് സ്റ്റോർ വഴിയോ ആയിരിക്കും. ഇങ്ങനെ ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകൾ മിക്കവാറും സുരക്ഷിതമായിരിക്കും. ഇതിന് പുറമെ മറ്റേതെങ്കിലും വെബ്‌സൈറ്റുകൾ വഴി ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനുകൾ മിക്കവാറും വില്ലന്മാരായിരിക്കും. ഇത്തരം ആപ്പിലൂടെ ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വഴി തട്ടിപ്പുകാർ നമ്മുടെ അക്കൗണ്ട് കാലിയാക്കും. അതിനാലാണ് എപ്പോഴും ആപ്ലിക്കേഷനുകൾ ആധികാരികമായി ആപ്പ് സ്റ്റോറിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *