NADAMMELPOYIL NEWS
MARCH 29/22
തിരുവനന്തപുരം: ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലും ശക്തമായി തുടരുന്നു. പലയിടത്തും പൊതുഗതാഗതം സ്തംഭനാവസ്ഥയിലാണ്. സര്‍ക്കാര്‍ ഓഫിസിലെത്തിയ ജീവനക്കാരെയും സമരക്കാര്‍ തടഞ്ഞു. ആലപ്പുഴയിലും കോഴിക്കോട് കലക്ടറേറ്റിലും ജീവനക്കാരെ തടഞ്ഞു. മലപ്പുറം എടവണ്ണപ്പാറയിലും തുറന്ന കടകള്‍ അടപ്പിച്ചു. ഇന്നലത്തെ അപേക്ഷിച്ച് കൂടുതല്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും പലയിടത്തും തടഞ്ഞു. വ്യവസായ മേഖലയില്‍ പണിമുടക്ക് പൂര്‍ണമാണ്. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ തൊഴിലാളികളെ തടഞ്ഞു. കോഴിക്കോട് രാമനാട്ടുകരയിൽ തുറന്ന കട അടപ്പിച്ചതിനെതിരെ വ്യാപാരികൾ പ്രതിഷേധം നടത്തി. കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ സ്വകാര്യ ബസ് സിഐടിയു പ്രവർത്തകർ തടഞ്ഞു. യാത്രക്കാരെ ഇറക്കി വിട്ടു. 32 ജീവനക്കാര്‍ മാത്രമായിരുന്നു തിങ്കളാഴ്ച സെക്രട്ടറിയേറ്റില്‍ ഹാജരായത്.എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചതിന് പിന്നാലെ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പല സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍ കുറവാണ്. എറണാകുളം കളക്ട്രേറ്റ് വിജനമാണ്. വിരലിൽ എണ്ണാവുന്ന ജീവനക്കാർ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. ഓഫീസുകൾ അടഞ്ഞു കിടക്കുന്നു. പത്തനംതിട്ട കളക്ട്രേടിൽ ജീവനക്കാർ ഇല്ല. ഇൻഫർമേഷൻ ഓഫീസും ഡിഎംഒ ഓഫീസും മാത്രമാണ് പ്രവർത്തിക്കുന്നത്. അതേസമയം കൊച്ചിയിലും കോഴിക്കോടും പെട്രോള്‍ പമ്പുകള്‍ തുറന്നു. പമ്പുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.