NADAMMELPOYIL NEWS
MARCH 28/22

നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപ് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ. ആലുവ പോലീസ് ക്ലബിൽ പതിനൊത്തരയോടെ ദിലീപ് ഹാജരായി. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് ഭാഗമായിട്ടാണ് ചോദ്യം ചെയ്യൽ . നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലെത്തിയോ, മുഖ്യപ്രതി പള്‍സര്‍ സുനിയുമായുള്ള ദിലീപിന്റെ ബന്ധം, കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ദിലീപില്‍ നിന്നും ചോദിക്കും. നീല ഷർട്ടും പാൻസുമായിരുന്നു ദിലീപിന്റെ വേഷം, കറുത്ത കാറിലാണ് ദിലീപ് എത്തിയത്.

നടിയെ പീഡിപ്പിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടതായും കേസിലെ സാക്ഷികളെ സ്വാധീനിച്ചതായും സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലാണു പുനരന്വേഷണത്തിനു വഴി തെളിച്ചത്.
രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കുന്നതെന്നാണ് സൂചന. ഫോണിലെ ഫോറെന്‍സിക് ഫലങ്ങളിലെ വിവരങ്ങള്‍ സംബന്ധിച്ചും ദിലീപില്‍ നിന്നും ചോദിച്ചറിയാനുള്ള നീക്കവും അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായേക്കും.

ദിലീപിന്റെ ഫോണിലെ ഫൊറെന്‍സിക് പരിശോധനയില്‍ നിന്നും നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭ്യമായിരിക്കുന്നത്. പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളും ദിലീപിന്റെ കൈയ്യിലുണ്ടായിരുന്നെന്ന വിവരം റിപ്പോര്‍ട്ടര്‍ ടിവി നേരത്തെ പുറത്തു വിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകള്‍ കേസില്‍ പ്രതിയായ ദിലീപിന്റെ മൊബൈലിലെത്തിയത് ഫോറന്‍സിക് വിദഗ്ധര്‍ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു.

അതേസമയം ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ടു കുപ്രസിദ്ധ ഗുണ്ട ഭായ് നസീറിനെ കഴിഞ്ഞ ദിവസം െ്രെകംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി നടന്‍ ദിലീപിന്റെ ഫോണുകളിലെ ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കിയ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ 45 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണു ഭായ് നസീറിനെ ചോദ്യം ചെയ്തത്.
മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്തു കബളിപ്പിച്ചു കൊയിലാണ്ടി സ്വദേശിയുടെ പക്കല്‍നിന്നു സായ് ശങ്കര്‍ 45 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയുണ്ടായിരുന്നു. ഈ പണം തിരികെ ചോദിച്ചപ്പോള്‍ കൊയിലാണ്ടി സ്വദേശിയെ തിരികെവിളിച്ചതു ഭായ് നസീറാണെന്നാണു പരാതി. എന്നാല്‍ സായ് ശങ്കറിനെ അറിയില്ലെന്നും വൃക്കരോഗിയായ താന്‍ ഇപ്പോള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്നും ഭായ് നസീര്‍ മൊഴി നല്‍കി.

വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാന്‍ സായ് ശങ്കര്‍ മറ്റാരെയോ ചട്ടംകെട്ടി ഭായ് നസീറിന്റെ പേരു പറഞ്ഞു ഫോണില്‍ വിളിപ്പിച്ചു കൊയിലാണ്ടി സ്വദേശിയെ ഭീഷണിപ്പെടുത്തിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

നടിയെ ആക്രമിച്ച കേസില്‍ നേരത്തെ നല്‍കിയ മൊഴിയും തെളിവും മാറ്റി പറയാന്‍ നിര്‍ബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ചു കേസിലെ സാക്ഷി സാഗര്‍ വിന്‍സന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി 28നു പരിഗണിക്കാന്‍ മാറ്റി. വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സമയം തേടിയതിനെ തുടര്‍ന്നാണു ജസ്റ്റിസ് അനു ശിവരാമന്‍ ഹര്‍ജി മാറ്റിയത്. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് അയയ്ക്കുകയാണെന്നും മാനസികമായും ശാരീരികമായും പീഡിപ്പിക്കുമെന്നു ഭയക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *