NADAMMELPOYIL NEWS
MARCH 26/22

താമരശ്ശേരി: പ്രളയം കലിതുള്ളിയപ്പോൾ കണ്ണീർച്ചോലയായ കട്ടിപ്പാറ കരിഞ്ചോല ആരും മറക്കില്ല. കേരളത്തിൽ സമാനതകളില്ലാത്ത രൂപത്തിൽ പ്രകൃതിദുരന്തമുണ്ടായ, 2018ലെ മഹാപ്രളയത്തിൽ മലമുകളിൽ നിന്നും കുത്തിയൊലിച്ച് വന്ന മഴവെള്ളത്തിൻ്റെ ശക്തിയിൽ 14 മനുഷ്യ ജീവനുകളും ഏക്ക‍ർ കണക്കിനു കൃഷിഭൂമിയുമാണ് കരിഞ്ചോലക്ക് നഷ്ടപ്പെട്ടത്. സർക്കാർ സംവിധാനവും, മത, സാമൂഹിക രാഷ്ട്രീയ സംവിധാനങ്ങളുടെയും എല്ലാത്തിനുമുപരി നാടിൻെറയും പ്രദേശവാസികളുടെയും സമയോചിതമായ ഇടപെടലുകളുടെയും ഭാഗമായി കരിഞ്ചോല ഇന്ന് അതിജീവന പാതയിലാണ്.
സർക്കാർ സംവിധാനത്തിൽ ചുവപ്പ് നാടകളുടെ പരിമിതികൾ ഉണ്ടെങ്കിലും ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് സമയബന്ധിതമായി തന്നെ നഷ്ട പരിഹാരം നൽകുവാൻ സാധിച്ചു. ജീവൻ നഷ്ടപ്പെട്ട 14 പേരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതവും, വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ വീതവും സമയബന്ധിതമായി അവകാശികൾക്ക് നൽകി കൊണ്ട് ഒന്നാം പിണറായി സർക്കാർ കരിഞ്ചോലക്കൊപ്പം മുന്നിൽ തന്നെയുണ്ടെന്ന് തെളിയിച്ചു.

ദുരന്തത്തിൽ കേടപാട് സംഭവിച്ച വീടുകൾ റിപ്പയർ ചെയ്യുന്നതിനും, പരിക്ക് പറ്റിയവർക്ക് ചികിത്സാ സഹായവും സമയബന്ധിതമായി സർക്കാർ നൽകുകയും ചെയ്തു. സർക്കാർ സഹായത്തിനു പുറമെ വീടുകൾ ഭാഗികമായി തകർന്നവർക്കും ‘ഉരുൾപൊട്ടൽ ഭീഷണിമൂലം നിലവിലുള്ള വീടുകളിൽ നിന്നും മാറി താമസിക്കേണ്ടവർക്കും അന്നത്തെ മണ്ഡലത്തിൻ്റെ ജനപ്രതിനിധി കാരാട്ട് റസാഖ് എം.എൽ.എ ചെയർമാനായും താമരശ്ശേരി താലൂക്ക് തഹസിൽദാർ കൺവീനറായും രൂപീകരിച്ച ജനകീയ കമ്മിറ്റിക്ക് സമൂഹത്തിൻ്റെ വിവിധ കോണുകളിൽ നിന്നും നിർലോഭമായ പിന്തുണയാണ് ലഭിച്ചത്.

വിവിധ മത സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ കമ്മിറ്റിക്ക് നിർമ്മിച്ച് നൽകിയ 18 വീടുകൾ യഥാസമയം ഗുണഭോക്താക്കൾക്ക് നേരത്തെ കൈമാറിയിരുന്നു. കേരള മുസ്ലീം ജമാഅത്ത് 10 വീടും സ്ഥലവും, ജമാഅത്തെ ഇസ്ലാമിയുടെ സേവന വിഭാഗമായ പീപ്പിൾസ് ഫൗണ്ടേഷൻ കനിവ് ഗ്രാമത്തിൽ 5 വീട് നിർമ്മിച്ച് നൽകുകയും 3 വീടുകൾക്കുള്ള സ്ഥലം സൗജന്യമായി നൽകുകയും അതിൽ നാഷണൽ സർവ്വീസ് സ്കീം(എൻ.എസ്.എസ് ) രണ്ട് വീടും കേരള സ്കൗട്ട് & ഗൈഡ്സ് ഒരു വീടുമാണ് നിർമ്മിച്ച് നൽകിയത്.

വീട് നിർമ്മാണ കാലയളവിൽ ഏകദേശം ഒന്നര വർഷത്തോളം വീട്ടുവാടകയും കമ്മിറ്റി നൽകിയിരുന്നു. കമ്മിറ്റിയുടെ പ്രവർത്തനത്തിൽ സമൂഹത്തിലെ വ്യത്യസ്ത മേഖലയിൽ നിന്നും ധാരാളം സഹായങ്ങൾ ലഭിച്ചിരുന്നു. സി പി ഐ (എം ) താമരശ്ശേരി ഏരിയ കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളിമണ്ഡലം കമ്മിറ്റി, സെൻ്റ് പോൾ സ് ആശ്രമം പുതുപ്പാടി, കുടുംബശ്രീ യൂണിറ്റുകൾ, മണ്ഡലത്തിലെ വിദ്യാലയങ്ങൾ തുടങ്ങിയവർ സഹായ സഹകരണങ്ങൾ നൽകി.

കരിഞ്ചോല പുനരധിവാസ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഇരുൾ കുന്നിൽ വിലക്ക് വാങ്ങിയ ഒരേക്കർ എട്ട് സെൻറ് സ്ഥലത്ത് എൻറർപ്രൈണർ കേരളയും ജെ.കെ.സിമൻറ്സും സംയുക്തമായി നിർമ്മിച്ച് നൽകിയ 20 വീടുകളുടെ താക്കോൽദാനവും, ഭൂമിയുടെ രേഖ കൈമാറലും ഇന്ന് വൈകുന്നേരം 4 മണിക്ക് ഇരുൾ കുന്ന് ജെ.കെ കോളനിയിൽ കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് ആണ് നിർവ്വഹിക്കുന്നത്. കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ ഡോ.എം കെ.മുനീറാണ് അദ്ധ്യക്ഷൻ

Leave a Reply

Your email address will not be published. Required fields are marked *