ന്യൂഡൽഹി: റഷ്യയിൽ നിന്നും കുറഞ്ഞവിലക്ക് എണ്ണവാങ്ങാൻ കരാർ ഉറപ്പിച്ച് പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. മൂന്ന് മില്യൺ ബാരൽ ക്രൂഡോയിലാണ് ഐ.ഒ.സി ഇറക്കുമതി ചെയ്യുക. എൻ.ഡി.ടി.വിയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. റഷ്യൻ കമ്പനിയുമായി ഐ.ഒ.സി നേരിട്ട് കരാറിൽ ഏർപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലേയും അന്താരാഷ്ട്ര മാർക്കറ്റിലേയും വിലനിലവാരമനുസരിച്ച് മികച്ച വിലക്ക് എണ്ണ വാങ്ങാനുള്ള കരാറിൽ ഐ.ഒ.സി ഒപ്പിട്ടുവെന്നാണ് റിപ്പോർട്ടുകൾ. പാശ്ചാത്യരാജ്യങ്ങൾ റഷ്യക്കുമേൽ ഉപരോധമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യൻ എണ്ണകമ്പനികൾ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് തടസമില്ല.
ഐ.ഒ.സിക്ക് പുറമേ മറ്റ് ചില കമ്പനികളും റഷ്യയിൽ നിന്നും എണ്ണവാങ്ങാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വൈകാതെ തന്നെ ഇവരും ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെക്കുമെന്നാണ് സൂചന. റഷ്യ-യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 140 ഡോളർ വരെ ഉയർന്നിരുന്നു. ഇന്ത്യ ഉപയോഗിക്കുന്ന എണ്ണയുടെ 80 ശതമാനം ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞിരുന്നു.