കോഴിക്കോട്: പഴയ സ്നേഹബന്ധം പുതുക്കാനുള്ള അഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ നടുറോഡിൽ യുവതിയുടെ തലയിൽ വിവാഹിതനായ മുൻകാമുകൻ ആസിഡ് ഒഴിച്ചു. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കണ്ണൂർ നെല്ലിക്കുറ്റി കൊട്ടാരത്തിൽ വീട്ടിൽ രാജീവിന്റെ മകൾ മൃദുല (22) ആണ് ആക്രമണത്തിന് ഇരയായത്. നേർപ്പിച്ച ആസിഡായതിനാൽ സാരമായി പൊള്ളലേറ്റില്ല. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കണ്ണൂർ ഇരിക്കൂർ ഊരത്തൂർ കൊശവൻ വയൽ ഷിന്റു നിവാസിൽ മോഹനന്റെ മകൻ വിഷ്ണുവിനെ (28) നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
ഇന്നലെ രാവിലെ ഒൻപതോടെ തൊണ്ടയാടാണ് സംഭവം. അവിടത്തെ ഹോസ്റ്റലിൽ നിന്നു പൊറ്റമ്മലിലെ ജോലിസ്ഥലത്തേക്ക് മൃദുല നടന്നുപോകുന്നതിനിടെ വിഷ്ണു തടഞ്ഞു നിറുത്തി ആസിഡ് ഒഴിക്കുകയായിരുന്നു. സിവിൽ എൻജിനിയറായ വിഷ്ണു ഗൾഫിൽ ജോലി ചെയ്യുന്നതിനിടെ 2017ലാണ് ഫേസ്ബുക്ക് വഴി മൃദുലയെ പരിചയപ്പെട്ടത്. അടുപ്പത്തിലായെങ്കിലും വിഷ്ണു ഫേസ്ബുക്ക് വഴി പരിചയപ്പെട്ട മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ആ ബന്ധം പിരിയാൻ തയ്യാറെടുക്കവേ മൃദുലയെ വീണ്ടും സമീപിച്ചെങ്കിലും നിരസിച്ചു. വ്യാഴാഴ്ച രാത്രി കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്തെ ലോഡ്‌ജിൽ മുറിയെടുത്ത വിഷ്ണു ഇന്നലെ രാവിലെ മൃദുല വരുന്നതു കാത്തിരുന്ന് ആക്രമിക്കുകയായിരുന്നു.