NADAMMELPOYIL NEWS
MARCH 19/22
കോഴിക്കോട്: കോഴിക്കോട് കല്ലായിയില്‍ കെ-റെയില്‍ കല്ലിടുന്നതിനെതിരേ വന്‍ പ്രതിഷേധം. പോലീസും നാട്ടുകാരും തമ്മിലുണ്ടായ ഉന്തിലും തള്ളിലുംപെട്ട് യുവതി കുഴഞ്ഞുവീണു. ഇതിനിടെ ഉദ്യോഗസ്ഥർ സ്ഥാപിച്ച ഒമ്പത് കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. കല്ലായി റെയില്‍വേ സ്റ്റേഷനു സമീപം ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.
വന്‍ പോലീസ് സന്നാഹത്തോടെയാണ് കെ-റെയില്‍ ഉദ്യോഗസ്ഥര്‍ അതിര്‍ത്തിക്കല്ലുകള്‍ നാട്ടാന്‍ കല്ലായി റെയില്‍വേ സ്റ്റേഷനു പടിഞ്ഞാറ് ഭാഗത്ത് എത്തിയത്. ഈ സമയം ഇവിടത്തെ വീടുകളില്‍ സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അവരുടെ ചെറുത്തുനില്‍പ്പ് വകവയ്ക്കാതെ കല്ലുകള്‍ നാട്ടിത്തുടങ്ങിയതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ബിജെപി, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് ജില്ലാ നേതാക്കളും എത്തിയതോടെ പ്രതിഷേധം കനത്തു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ പ്രകടനമായി എത്തി നാട്ടിവച്ചിരുന്ന കല്ലുകള്‍ പിഴുതെറിയുകയായിരുന്നു.
ഇതിനിടെ പതിനഞ്ചോളം പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഒരാൾ കുഴഞ്ഞുവീഴുകയുമായിരുന്നു. സംഘര്‍ഷത്തിനിടെ കുഴഞ്ഞു വീണ അതിര (19) യെ ബീച്ച് ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുരുഷ പോലീസ് ലാത്തിവച്ച് കുത്തിയെന്ന് പ്രതിഷേധത്തിനെത്തിയ സ്ത്രീകള്‍ ആരോപിച്ചു. 12 പേർക്കെതിരേ കേസെടുത്തു.
കെ-റെയില്‍ കല്ലിടലിനെതിരേ ഇതുവരെ ജില്ലയിൽ നടന്നിട്ടുള്ള ഏറ്റവും ശക്തമായ പ്രതിഷേധമാണ് ഇന്നലെ കല്ലായിയിൽ നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മീഞ്ചന്തയിലും പയ്യാനക്കലിലും കല്ലിടാന്‍ എത്തിയവരെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചിരുന്നു.
കടുത്ത പ്രതിഷേധത്തിനിടയിലും ഉദ്യോഗസ്ഥര്‍ കല്ല് സ്ഥാപിച്ച ശേഷം ഉച്ചയോടെയാണു മടങ്ങിപ്പോയത്. ഫറോക്ക്, പന്നിയങ്കര പോലീസിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരുന്നത്.