NADAMMELPOYIL NEWS
MARCH 16/22
ദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്ദുള്‍ റസാഖിനെ കള്ളപ്പണം വെളുപ്പിക്കല്‍, ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് വിദേശഫണ്ട് സ്വീകരിക്കല്‍ എന്നീ കുറ്റങ്ങളുടെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് അബ്ദുള്‍ റസാഖിനെ കസ്റ്റഡിയിലെടുത്തത്.
പോപ്പുലര്‍ ഫ്രണ്ടിന്‍റെ മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് യൂണിറ്റിന്‍റെ ഡിവിഷണല്‍ പ്രസിഡന്‍റാണ് അബ്ദുള്‍ റസാഖ്. നേരത്തെ ഇഡി അബ്ദുള്‍ റസാഖിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. റസാഖ് ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.
വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്ത അബ്ദുള്‍ റസാഖിനെ പിറ്റേദിവസം ഉത്തര്‍പ്രദേശിലെ ലഖ്‌നോവിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കി. കോടതി ഏഴ് ദിവസത്തേക്ക് അബ്ദുള്‍ റസാഖിനെ ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് വിട്ടതായി ഉത്തരവിട്ടു.
പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയ്ക്കകത്തും പുറത്തും നിന്ന് അബ്ദുള്‍ റസാഖ് ഫണ്ട് സ്വരൂപിച്ചിരുന്നതായി ഇഡി ആരോപിക്കുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അബുദാബിയില്‍ ഒരു ബാര്‍-കം-റസ്റ്റോറന്‍റ് വാങ്ങിയതിന്‍റെ രേഖകള്‍ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ഒരു കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇഡി കേരളത്തില്‍ നടത്തിയ റെയ്ഡിലാണ് ഈ രേഖകള്‍ കണ്ടെടുത്തതെന്ന് പറയുന്നു. അന്ന് അബ്ദുള്‍ റസാഖ്, ഷഫീഖ് പായേത്ത്, അഷ്‌റഫ് എംകെ എന്ന തമാര്‍ അഷ്‌റഫ് അഥവാ അഷ്‌റഫ് ഖാദര്‍ എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ അഷ്‌റഫ് എംകെ എന്ന തമാര്‍ അഷ്‌റഫ് അഥവാ അഷ്‌റഫ് ഖാദര്‍ മൂവാറ്റുപുഴയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവാണ്. ഷഫീഖ് പായേത്ത് കണ്ണൂരിലെ പെരിങ്ങത്തൂരിലെ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപി ഐ എന്നീ സംഘടകളുമായി ബന്ധമുള്ളയാളാണ്.
മൂന്നാറിലെ മാങ്കുളത്തെ മൂന്നാര്‍ വില്ല വിസ്റ്റ പദ്ധതിയുടെ ഓഫീസുകളിലും റെയ്ഡ് നടന്നിരുന്നു.മൂന്നാര്‍ വിസ്റ്റ വില്ല പദ്ധതി കള്ളപ്പണം വെളുപ്പിക്കുന്ന പദ്ധതിയാണെന്ന് ഇഡി പറയുന്നു. വിദേശത്തും പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലും അവര്‍ ആസ്തി വാങ്ങിക്കുട്ടുന്നതായി ഇഡി പറയുന്നു. ഇതിന്‍റെ ഭാഗമാണ് അബുദാബിയില്‍ ബാര്‍-കം-റസ്റ്റോറന്‍റ് വാങ്ങിയത്.
ദല്‍ഹി ആസ്ഥാനമാക്കി 2006ലാണ് പോപ്പുലര്‍ ഫ്രണ്ട് രൂപീകരിക്കപ്പെടുന്നത്. പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ധനപരമായ ബന്ധങ്ങളും ഇഡി അന്വേഷിക്കുന്നുണ്ട്. 2020ല്‍ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത പ്രശ്‌നത്തില്‍ സമുദായസൗഹാര്‍ദ്ദം തകര്‍ക്കാന്‍ അബ്ദുള്‍ റസാഖ് അനധികൃത ഫണ്ടിംഗ് നടത്തിയോ എന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ട്.